സിദ്ധാർത്ഥ് ഭരതന്റെ ചതുരം;​ഓഗസ്റ്റിൽ എത്തും

0

സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ചതുരം’ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അറിയിച്ചു. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

അതേസമയം, ജിന്ന് എന്ന ചിത്രമാണ് സിദ്ധാർത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.