സൂര്യകുമാർ യാദവിന് ഐപിഎല്ലിൽ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

0

മുംബൈ: മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ സീസണിലെ ആദ്യ മത്സരങ്ങളിൽ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനു കളിക്കാനായേക്കില്ല. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് സൂര്യയുടെ ടീമായ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം.

സൂര്യ എന്നു മത്സരസജ്ജനാകുമെന്ന കാര്യത്തിൽ മുംബൈ കോച്ച് മാർക്ക് ബൗച്ചർ വ്യക്തമായ ഉറപ്പൊന്നും നൽകുന്നില്ല. ഫിറ്റ്നസിന്‍റെ കാര്യത്തിൽ ബിസിസിഐ മെഡിക്കൽ സംഘം ഇനിയും ക്ലിയറൻസ് നൽകിയിട്ടുമില്ല.

അഹമ്മദാബാദിൽ നടക്കുന്ന ആദ്യ മത്സരത്തിനു മുൻപ് രണ്ട് പരിശീലന മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസിനുള്ളത്. ഇതിൽ രണ്ടിലും സൂര്യ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സൂര്യകുമാർ അവസാനമായി ഒരു മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടി20 മത്സരത്തിലായിരുന്നു അത്. അന്ന് 56 പന്തിൽ 100 റൺസും നേടി. അതേ മത്സരത്തിൽ കണങ്കാലിനേറ്റ പരുക്ക് കാരണം ചികിത്സയിലായിരുന്ന സൂര്യ, ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇതിനിടെ സ്പോർട്സ് ഹെർണിയയ്ക്കും ശസ്ത്രക്രിയ നടത്തി.

മുംബൈയിൽ നടക്കുന്ന ഡി.വൈ. പാട്ടീൽ ടി20 കപ്പിലൂടെ തിരിച്ചെത്തുകയായിരുന്നു ലക്ഷ്യമെങ്കിലും സാധിച്ചില്ല. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.