പ്രളയത്തിലും, കോവിഡിലും വിളിപ്പുറതുള്ള അഷ്റഫിന്റെ കരുതല്‍ ഇനിയില്ല…

0

വിയുത്രീ… എംടിവൈ… എന്ന കോഡിൽ കാപ്പാടുകാരനായ എ ടി അഷ്റഫിന്റെ കരുതലിന്റെ ആ ശബ്ദം ഇനിയില്ല… ബൈക്ക് യാത്രക്കിടെ ഹൃദയസ്തംഭനത്തെത്തുടർന്ന് കോഴിക്കോട് സരോവരത്തിന് സമീപം റോഡരികിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു 48 കാരനായ സന്നദ്ധപ്രവർത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി. അഷ്‌റഫ്.

സരോവരത്തിനു സമീപം നടപ്പാതയിൽ തളർന്നുകിടക്കുകയായിരുന്ന അഷറ്ഫിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി സുഹൃത്തുക്കൾ പറഞ്ഞു. 20 മിനിറ്റിലേറെ നേരം അഷ്റഫ് ഇവിടെ കിടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ഒടുവിൽ പരിചയക്കാർ കണ്ട്, സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പിതാവ്: ചെറുവലത്ത് പരേതനായ മൂസ. മാതാവ്: കുട്ടിബി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് യാസിൻ മാലിക്, ഫാത്തിമ നിലൂഫർ മാലിക്.

വിളിപ്പുറത്ത് ഇനിയില്ല സ്നേഹത്തിന്റെ കരുതൽ…

ആർക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഹാം റേഡിയോയിലേക്ക് ഒരു ചെറുസന്ദേശം അയച്ചാൽ മതിയായിരുന്നു പ്രളയമോ മഹാമാരിയോ വകവെക്കാതെ മരുന്ന് ആവശ്യക്കാരന്റെ കൈയിലെത്തിയിരിക്കും. പകരം വെക്കാനില്ലാത്ത ആ കരുതലാണ് നമുക്ക് നഷ്ടമായത്.

അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള കേരള സിവില്‍ ഡിഫന്‍സ് കോര്‍പ്സിന്റെ കോഴിക്കോട് റീജ്യണല്‍ ചീഫ് വാര്‍ഡനായിരുന്നു. കോഴിക്കോടിന്റെയും വയനാടിന്റെയും ചുമതല ഇ ദ്ദേഹത്തിനായിരുന്നു. ഹാംറേഡിയോ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2019 ഡിസംബര്‍മുതല്‍ സിവില്‍ ഡിഫന്‍സിന്റെ ഭാഗമാണ്. കൊയിലാണ്ടി അഗ്‌നിരക്ഷാസേനയ്ക്ക് കീഴിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്.

ദുരന്തനിവാരണ പ്രവർത്തനത്തിലും മറ്റ് സേവനപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ലോക്ഡൗൺ കാലത്ത് നിരവധിപേർക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടായിരുന്നു.

ലോക്ഡൗൺ കാലത്ത് അഗ്നിരക്ഷാസേനയിലേക്ക് മരുന്നിന്റെ ആവശ്യങ്ങളുമായി ഒരുപാട് വിളികൾ വന്നിരുന്നു. അതിന്റെയെല്ലാം പട്ടിക ഉദ്യോഗസ്ഥർ അഷ്റഫിന് നൽകും. ”ഏതു സമയത്തും വിളിച്ചാൽ അഷ്റഫുണ്ടാകും. യാതൊരു പ്രതിഫലവും മോഹിക്കാതെയാണ് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ ചെയ്യുന്ന കാര്യങ്ങൾ ആരോടും പറഞ്ഞില്ല അദ്ദേഹം…” -കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ പറഞ്ഞു.