ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ എന്തിന് ഇളവ് നല്‍കി: കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

0

ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി കേരളത്തില്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതി നിരാശാജനകം ആണെന്ന് ഇളവുകള്‍ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലേക്ക് കടന്ന് കയറാന്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് കഴിയരുത് എന്ന് കോടതി നിര്‍ദേശിച്ചു. മത സംഘടനകള്‍ ഉള്‍പെടെയുള്ള സമ്മര്‍ദ്ദ വിഭാഗങ്ങള്‍ക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാന്‍ കഴിയില്ല. മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പൗരന്മാര്‍ക്ക് കൊണ്ട് വരാം. അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കാവടി യാത്രക്കെതിരേ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കേരളം കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ബക്രീദ് പ്രമാണിച്ച് ചില ഇളവുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളു എന്ന കേരളത്തിന്റെ വാദം കോടതി തള്ളി. രോഗവ്യാപനം രൂക്ഷമായ കാറ്റഗറി ഡി മേഖലയില്‍ പോലും ആവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതരമായ വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍, ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്.

ബക്രീദ് പ്രമാണിച്ച് കേരളം നല്‍കിയ ഇളവുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ രാഷ്ട്രീയ നിരീക്ഷകന്‍ പി.ടി.കെ നമ്പ്യാരെ സുപ്രീം കോടതി അഭിനന്ദിച്ചു.

കേരളത്തിലെ ടിപിആര്‍ നിരക്ക് ശരാശരി 10 ശതമാനമാണ്. എന്നിട്ടും എന്തിന് ഈ രീതിയില്‍ ഇളവുകൊടുത്തു എന്ന ചോദ്യമാണ് സര്‍ക്കാരിനെതിരെ ഉള്ളത്. ഞായര്‍, തങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ബക്രീദിനോടനുബന്ധിച്ച് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.