ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു: നിയമനം ആരോഗ്യവകുപ്പില്‍

0

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.

കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. നേരത്തെ സർവീസിൽ തിരിച്ചെടുക്കാൻ ശ്രമം നടന്നെങ്കിലും പത്രപ്രവർത്തക യൂനിയൻ ഇടപെട്ട് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയാണ് ശ്രീറാം ഓടിച്ച അമിത വേഗതയിലെത്തിയ കാറിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.