ഇന്ന് രാത്രി 12 മണി മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ; 21 ദിവസം അടച്ചിടും

0

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും.

എല്ലാ സംസ്ഥാനങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് നേരിടാൻ 15,000 കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത് – മോദി പറഞ്ഞു.

സമ്പൂർണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടൽ‌ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർക്കണം. ജീവൻ പണയം വച്ച് വിവരങ്ങൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഓർക്കണം. സുരക്ഷാ ഉദ്യോഗസ്ഥർക്കു നന്ദി പറയണം. കോവിഡ് അഗ്നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം.

ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബങ്ങളിൽ‌ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ്.