വിശപ്പും ദാഹവും താണ്ടി ഇനിയും എത്രദൂരം പോകണം…?; ഹൃദയഭേദകമായി മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപ്പലായനം

0

ന്യൂഡൽഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ ഉത്തരേന്ത്യന്‍ മറുനാടന്‍ സംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് തൊഴിലാളികള്‍ പലായനം ചെയ്യുന്നത്. നാട്ടിലെത്തണമെന്ന ആഗ്ര‌ഹം നെഞ്ചിലേറ്റി കൂട്ടമായി പിഞ്ചുകുട്ടികളെയടക്കം എടുത്ത് കാൽനടയായി സ്വന്തം നാട് പിടിക്കാൻ തത്രപ്പാടുപെടുന്ന ഈ തൊഴിലാളികളുടെ കാഴ്ച ഹൃദയഭേദകമായിരുന്നു.

ലോക്ക് ഡൗണില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികൾ കാൽനടയായി യാത്ര തിരിക്കുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തെത്തിയതോടെയാണ് ഇവരെയെല്ലാം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ യുപി സർക്കാർ ഇവർക്കായി 1000 ബസുകൾ ക്രമീകരിച്ചത്. നാട്ടിലേക്ക് തിരിച്ചുപോവാന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുൻകരുതലിനായി ആവശ്യത്തിന് മാസ്‌കുകളില്ലാതെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാതെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുമായി ആയിരക്കണക്കിനാളുകളാണ് ബസ് ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്നത്. പട്ടിണിയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തണമെന്ന അതിയായ ആഗ്ര‌ഹത്തിനിടയിൽ കോവിഡ് രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ ഉ‌ള്ളിലില്ല.

ലോക്ക് ഡൗണില്‍ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുമുള്ള ഇത്തരം സമീപനങ്ങള്‍ വലിയ ആശങ്കയ്ക്കും വഴിയൊരുക്കുന്നുണ്ട്.

ഡൽഹിയിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകൾ നഗരത്തിൽ കു‌ടുങ്ങുകയും പലരും ആഗ്ര, ഝാൻസി, കാൻപുർ തുടങ്ങിയ സ്ഥ‌ലങ്ങളിലേക്ക് കാൽനടയായി യാത്ര തിരിക്കുകയും ചെയ്ത വാർത്തകൾ പുറത്തെത്തിയതോടെയാണു യുപി സർക്കാർ ഇവർക്കായി 1000 ബസുകൾ ക്രമീകരിച്ചത്. ആളുകൾ തിങ്ങി നിറഞ്ഞാണു ബസുകളെല്ലാം യാത്ര തിരിച്ചത്. പലരും ബസിനു മുകളിലും ഇടം പിടിച്ചു.

മഹാരാഷ്ട്ര, ഉ‌ത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന യുപി സ്വദേശികൾക്ക് ഭക്ഷണവും താമസവും ക്രമീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സം‌സ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഡൽഹിയിൽ തുടർന്നാൽ ഭക്ഷണം ലഭി‌ക്കാതാകുമെന്നതാണ് ഇവരുടെ വെല്ലുവിളി. നാട്ടിൽ ചെന്നാൽ കുടുംബാംഗങ്ങളുണ്ടെന്നും ഭക്ഷണത്തിനു മുട്ടുണ്ടാകില്ലെന്നും ഇവർ പറയുന്നു.

അതേസമയം വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. തൊഴിലാളികള്‍ തലസ്ഥാനം വിടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഇവര്‍ക്ക് ഗാസിപ്പുരിലും മറ്റും താത്കാലിക താമസകേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആരും വീടുകളിലേക്കു തിരിച്ചുപോകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ താമസവും ഭക്ഷണവുമൊരുക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.