ഇനി ഹൈഡ്രജന്‍ ഫ്യുവലിന്റെയും കാലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനായി ഹൈഡ്രജൻ ബസുകളുടെ ഓർഡർ നേടി ടാറ്റ

1

മുംബൈ: ഇന്ത്യയിലെ വാണിജ്യ വാഹന രംഗത്തെ അതികായരും പ്രമുഖ ബസ് നിർമാതാക്കളുമായ ടാറ്റ മോട്ടോഴ്‌സിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഐ.ഒ.സി.എൽ) നിന്ന് 15 ഹൈഡ്രജൻ അധിഷ്ഠിത പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെൻ (പി.ഇ.എം) ഇന്ധന സെൽ ബസുകളുടെ ടെണ്ടർ ലഭിച്ചു. പി‌.ഇ‌.എം ഇന്ധന സെൽ‌ ബസുകൾ‌ വിതരണം ചെയ്യുന്നതിനായി ഐ‌.ഒ‌.സി‌.എൽ 2020 ഡിസംബറിൽ‌ ടെണ്ടർ വിളിച്ചിരുന്നു. വിശദമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ടാറ്റാ മോട്ടോഴ്‌സിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ധാരണാപത്രം ഒപ്പുവെയ്ക്കുന്ന തീയതി മുതൽ 144 ആഴ്ചയ്ക്കുള്ളിൽ 15 ബസുകളും വിതരണം ചെയ്യുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഐ.ഒ.സി.എൽ ഗവേഷണ, വികസന കേന്ദ്രത്തിനായി ബസുകൾ നൽകുന്നതിന് പുറമെ വാണിജ്യ വാഹനങ്ങളിൽ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസിലാക്കാനുള്ള പഠന, ഗവേഷണ കാര്യങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് സഹകരിക്കും.പൊതുഗതാഗത മേഖലയിലേക്ക് ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എത്തിക്കുക എതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം ബസുകള്‍ എത്തിക്കുകയും ഇരുകമ്പനികളും വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്യും. ഐ.ഒ.സി.എല്‍. ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹൈഡ്രജന്‍ ഇന്ധനമായിരിക്കും ഈ വാഹനങ്ങളില്‍ ഉപയോഗിക്കുകയെന്നാണ് വിവരം.

ഗതാഗതം ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്കായി ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് ഇന്ത്യൻ ഓയിൽ തുടക്കമിട്ടതായി ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം വൈദ്യ പറഞ്ഞു. ഹൈഡ്രജൻ വാതകവും ഫ്യുവൽ സെൽ സാങ്കേതിക വിദ്യയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരും ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളും കൈകോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം ഇന്ത്യൻ ഓയിലിന്റെ മറ്റ് പ്രധാന പരിപാടികളുടെ ചവിട്ടുപടിയാണ്‌. ഇത് വിവിധ ഐക്കണിക് റൂട്ടുകളിലും രാജ്യത്തെ പ്രധാന മേഖലകളിലും ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി സാധ്യമാക്കുകയും ഭാവിയിൽ ഹൈഡ്രജനെ ആത്യന്തിക നെറ്റ്-സീറോ ഇന്ധനമാക്കി മാറ്റുന്നതിനുള്ള ശരിയായ ദിശയിലാണ് ഇപ്പോഴത്തെ സംയുക്ത നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക പിന്തുണയോടെ ഇന്ത്യൻ ഓയിൽ ആർ ആൻഡ് ഡി വിഭാഗം കഠിനാധ്വാനം ചെയ്താണ് ഈ സംയുക്ത പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഇന്ത്യൻ ഓയിൽ ഡയറക്ടർ (ആർ & ഡി വിഭാഗം) എസ്.എസ്.വി രാമകുമാർ പറഞ്ഞു. രാജ്യത്ത് ഹൈഡ്രജൻ ഊർജ വിതരണ ശൃംഖലയും ഹൈഡ്രജൻ ഉത്‌പാദനവും ശക്തിപെടുത്താൻ ഇന്ത്യൻ ഓയിൽ പ്രതിജ്ഞാബദ്ധമാണ്. ഫ്യുവൽ സെൽ ഗവേഷണത്തിനായി ടാറ്റ മോട്ടോഴ്‌സുമായി സഹകരിക്കുന്നതിനു പുറമെ നാല് നൂതന മാര്ഗങ്ങളിലൂടെ പ്രതിദിനം ഒരു ടണ്ണിലേറെ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പൈലറ്റ് പ്ലാന്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.