ടൗട്ടെ ചുഴലിക്കാറ്റ്: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്

0

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.

പത്തനംതിട്ടയിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദേശം നൽകിയെന്ന് ജില്ലാ കളക്ടർ. ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. മഴ കനത്താൽ മൂഴിയാർ അണക്കെട്ടും ഇന്ന് തുറക്കേണ്ടി വരുമെന്നും കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡി അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി, മണിക്കൂറിൽ 11 കിലോ മീറ്റര്‍ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പകൽ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശശക്തമായ ഇടിമിന്നൽ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.