വിദേശ സഞ്ചാരികൾക്ക് ഇളവുമായി തായ്‍ലാൻഡ്: ഇനി ആർ.ടി.പി.സി.ആർ വേണ്ട

1

വിദേശ സഞ്ചാരികൾക്ക് ഇളവുമായി തായ്‍ലാൻഡ് . രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് ആർ.ടി.പി.സി.ആർ ഫലം വേണ്ട എന്നതിന് സെന്റർ ഫോർ കൊവിഡ്-19 സി റ്റ്വേഷൻ അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകി.

2022 മെയ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തായ്‍ലാൻഡ് അതോറിറ്റി ഓഫ് ടൂറിസം അറിയിച്ചു. വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കുമായി പ്രത്യേക മാനദണ്ഡങ്ങളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

പൂർണമായും വാക്സിൻ എടുത്ത അന്താരാഷ്‌ട്ര യാത്രക്കാർ, യാത്രയുടെ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഫലം നൽകുകയോ വിമാനമിറങ്ങി പരിശോധനയ്ക്ക് വിധേയരാകുകയോ വേണ്ടതില്ല.

വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസിന്റെ രേഖ എന്നിവ https://tp.consular.go.th/ എന്ന വെബ്സൈറ്റിൽ സമർപ്പിച്ച് തായ്‍ലാൻഡ് പാസ് കരസ്ഥമാക്കണം.

10,000 ഡോളർ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് വേണ്ടത്. നേരത്തെയിത് 20,000 ഡോളർ ആയിരുന്നു. തായ്‌ലൻഡിൽ എത്തിക്കഴിഞ്ഞാൽ ഉടനടി പ്രവേശനം അനുവദിക്കും. രാജ്യത്തിലെവിടെയും പോകാൻ സ്വാതന്ത്ര്യമുണ്ടാകും. നേരത്തെ ചില പ്രവിശ്യകളിൽ മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്നത്.

വാക്സിൻ എടുക്കാത്ത യാത്രക്കാർക്കുള്ള പ്രവേശന നിയമങ്ങൾ കൊവിഡ് വാക്‌സിൻ എടുക്കാത്ത അന്തർദേശീയ യാത്രക്കാർ, യാത്രയുടെ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഫലം നൽകുകയോ വിമാനമിറങ്ങി പരിശോധനയ്ക്ക് വിധേയരാകുകയോ വേണ്ടതില്ല.

അവർ അഞ്ച് ദിവസത്തെ ഹോട്ടൽ ബുക്കിങ്ങി​ന്റെ രേഖയും 10,000 ഡോളർ കവറേജുള്ള ഇൻഷുറൻസ് പോളിസിയും നൽകി തായ്‍ലാൻഡ് പാസിന് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തായ്‌ലൻഡിൽ എത്തിക്കഴിഞ്ഞാൽ അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം. അഞ്ചാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണം.