കൊച്ചിയിൽ മൂന്നാമത്തെ റോ-റോ വരുന്നു

0

കൊച്ചി: നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. സ്മാര്‍ട്ട് സിറ്റി ബോര്‍ഡില്‍ നേരത്തെ പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മേയറുടെ ആവശ്യപ്രകാരം മുഴുവന്‍ പണവും അനുവദിക്കാന്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

15 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മൂന്നാമത്തെ റോ-റോ യ്ക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. 2024 ഫെബ്രുവരിയില്‍ നിർമാണം ആരംഭിച്ച് 2025 ഫെബ്രുവരിയില്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചി നഗരസഭയും കൊച്ചി കപ്പല്‍ശാലയും സ്മാര്‍ട്ട് സിറ്റി അധികൃതരും ചേര്‍ന്നുള്ള ധാരണാപത്രം ഒപ്പുവച്ചു. ആദ്യഘട്ടമായി 3 കോടി രൂപ അടുത്ത ദിവസം തന്നെ കപ്പല്‍ശാലയ്ക്ക് നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കൈമാറും. കപ്പല്‍ശാല നല്‍കിയിട്ടുള്ള ഡിപിആര്‍ ഇതിനോടൊപ്പം അംഗീകരിച്ച് അവര്‍ക്ക് നല്‍കും.

മൂന്നാമത്തെ റോ-റോ നിര്‍മിക്കുമ്പോള്‍ നിലവിലുള്ള റോ-റോ യില്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികള്‍ പലതും തകരാര്‍ സംഭവിക്കുമ്പോള്‍ പരിഹരിക്കാൻ വിദേശത്തു നിന്നു സാങ്കേതിക വിദഗ്ധര്‍ വരാന്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇവര്‍ പലപ്പോഴും പരിശോധന നടത്തി അറ്റകുറ്റപ്പണി വേണ്ടി വരുമ്പോള്‍ വീണ്ടും സ്പെയര്‍പാര്‍ട്ട്സ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഇത് പരിഹരിക്കുന്നതിനായി തദ്ദേശീയമായ സാമഗ്രികള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന അഭ്യര്‍ത്ഥന കൂടി നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്. റോ-റോ യുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അത്യാവശ്യം സ്പെയര്‍പാര്‍ട്ട്സ് റോ-റോ യില്‍ തന്നെ വാങ്ങി സൂക്ഷിക്കുന്ന കാര്യവും പരിശോധിക്കാമെന്ന് ഷിപ്പ് യാര്‍ഡ് സമ്മതിച്ചിട്ടുണ്ട്.

പശ്ചിമ കൊച്ചിയിലെ ജനങ്ങള്‍ക്ക് എറണാകുളത്തേക്ക് വരാനുള്ള ഏറ്റവും നല്ല യാത്രാമാര്‍ഗമാണ് ഇപ്പോള്‍ റോ-റോ. ടൂറിസം രംഗത്തെയും റോ-റോ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് പലപ്പോഴും റോ-റോ കേടാകുന്നതും യാത്ര മുടങ്ങുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാണ് മൂന്നാമത്തെ റോ-റോ യുടെ നിര്‍മാണം.