കഠിനംകുളം പീഡനം: ഭര്‍ത്താവ് സുഹൃത്തുക്കളില്‍നിന്ന്‌ പണം വാങ്ങി; ഭാര്യയുടെ മൊഴി

0

കഠിനംകുളം പീഡനക്കേസിൽ യുവതിയുടെ മൊഴി പുറത്ത്. പീഡനം നടക്കുന്നതിന് തലേ ദിവസം പ്രതിയായ രാജൻ തന്റെ ഭർത്താവിന് പണം നൽകിയിരുന്നുവെന്ന് യുവതിയുടെ മൊഴി. മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി പറയുന്നു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി വ്യക്തമാക്കി.

കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസില്‍ കുടുതല്‍ അറസ്റ്റ് വേണമോ എന്ന കാര്യം യുവതിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും.

യുവതിയെ കൊണ്ടു പോയ ഓട്ടോയും കണ്ടെത്തി. ഒളിവിലുള്ള നൗഫലിന്റേതാണ് ഓട്ടോ. പ്രതികൾക്കെതിരെ മോഷണക്കുറ്റവും പൊലീസ് ചുമത്തി. യുവതിയുടെ മൊബൈൽ ഫോണുകൾ പ്രതികൾ പിടിച്ചു വാങ്ങിയിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്.

കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് അൻസാർ കൊണ്ടുവന്നത്. രാജന്റെ വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവാണ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുകയും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തത്.