പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; 60 വയസിന് മുകളിലുള്ളവര്‍ മെഡിക്കല്‍ മാസ്‌ക് ധരിക്കണം – ഡബ്ല്യൂ എച്ച് ഒ

0

ജനീവ: ലോകത്താകമാനം മരണഭീതി പടർത്തി കോവിഡ് പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ്‌ നിര്‍ദേശം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. മറ്റുള്ളവര്‍ നിര്‍ബന്ധമായും ത്രീ ലെയര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ പൊതുഇടങ്ങളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്.

‘ദ ലാന്‍സെറ്റ്’ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് കൊണ്ട് കൊവിഡ് 19 വ്യാപനത്തെ വളരെ ഫലപ്രദമായി തടയാനാകുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാസ്‌ക് അത്രമാത്രം പ്രയോജപ്പെടുന്നില്ലെന്നും, രോഗം പടരുന്നത് തടയില്ലെന്നുമുള്ള പ്രചാരണങ്ങളെയെല്ലാം ഈ പഠനം അപ്പാടെ തള്ളിക്കളഞ്ഞിരുന്നു.

കോവിഡിനെ ചെറുക്കാന്‍ എല്ലാവരും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി.