തലയോട്ടി തകർന്ന് ജീവനോട് പോരാടി ഏഴുവയസ്സുക്കാരൻ; അമ്മയുടെ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന്

2

തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ടി തകർന്ന ഏഴുവയസ്സുക്കാരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവനുവേണ്ടി പോരാടി കൊണ്ടിരിക്കയാണ്. അമ്മയുടെ സുഹൃത്തായ യുവാവ് വടികൊണ്ടു കുട്ടിയെ തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച് മർദിക്കുകയായിരുന്നു. കുട്ടിയ്ക്ക് നിലവില്‍ കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ മർദിച്ച തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

കുഞ്ഞ് കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റെന്നായിരുന്നു അമ്മയും യുവാവും ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരുക്കുകളും അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലെ പരുങ്ങലും കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാനാണ് ശിശുക്ഷേമ സമിതി പൊലീസിന് നിർദേശം നൽകിയത്.

പരിശോധനയിൽ കുട്ടിയുടെ തലയ്ക്കു മാത്രമല്ല, ശരീരത്തിന്റെ മറ്റു സ്ഥലങ്ങളിലും പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചപ്പോഴാണ് മർദ്ദനം നടന്നതായി വ്യക്തമായത്. കുട്ടിയുടെ അമ്മയുടെ ദേഹമാസകലം കാലങ്ങളായി മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും എഇഒ അറിയിച്ചു.

മൂന്നു വയസ്സുകാരനായ ഇളയ കുട്ടിയുടെ ശരീരത്തും മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി. കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമർദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭർത്താവ് എഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭർത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്. യുവതിയെയും ഇയാൾ മർദിക്കാറുള്ളതായി പറയുന്നു. യുവാവിന്റെ ക്രൂരമായ സ്വഭാവത്തെപ്പറ്റി സ്‌കൂളിൽ പറഞ്ഞെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചത്.