സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; രോഗ ഉറവിടം വ്യക്തമല്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ കാസര്‍കോഡ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

കൊല്ലത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകൻ്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.