
കണ്ണുകെട്ടി മുടി വെട്ടി ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലയാളി. കൊച്ചി സ്വദേശിയും പ്രമുഖ ഹെയര്‍സ്‌റ്റൈലിസ്റ്റുമായ പ്രവീണ്‍ ആണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് പ്രതിനിധി വിവേക് നായരുടെ സാന്നിധ്യത്തിലായിരുന്നു പ്രവീണിന്റെ കണ്ണുകെട്ടിയുടള്ള പ്രകടനം. പ്രവീണിന്റെ കൊച്ചി കലൂരിലെ ഒലീ ബ്യൂട്ടി പാര്‍ലറിലാറാണ് ഈ നേട്ടത്തിന് വേദിയായത്. റെക്കോര്‍ഡ് നേട്ടം കാണാന്‍ ഒട്ടനവധി പേരാണ് എത്തിയത്.കറുത്ത തുണികൊണ്ട് കണ്ണുകെട്ടിയായിരുന്നു പ്രകടനം. കൊച്ചിക്കാരി ഗോപികയുടെ മുടികള്‍ ഷാംപു ഉപയോഗിച്ച് കഴുകി. നിമിഷ നേരം കൊണ്ട് ഷാംപു ചെയ്ത് ഹെയര്‍ ഡ്രൈ ചെയ്തു. 28 മിനിറ്റു 22 സെക്കന്റു കൊണ്ടായിരുന്നു പ്രവീണ്‍ ഷാംപു ചെയ്ത് കണ്ടീഷണര്‍ ഉപയോഗിച്ച ശേഷം ഗോപികയുടെ മുടി വെട്ടി കഴുതിയെടുത്തത്. ലെയര്‍ കട്ട്, ഫ്രണ്ട് റേസര്‍ കട്ട് എന്നിവയാണ് പെണ്‍കുട്ടിയുടെ മുടിയില്‍ ചെയ്തത്. ഷാംപൂ വാഷിങ്, കണ്ടീഷണര്‍ വാഷിങ്, ബ്ലോഡ്രൈ എന്നിവയും കണ്ണുമൂടിയാണ് പ്രവീണ്‍ ചെയ്തത്. ആയുര്‍വേദ സൗന്ദര്യവസ്തുക്കളുടെ നിര്‍മാതാവും ഗോകുലം പാര്‍ക്ക് ആയുര്‍വേദ ബ്യൂട്ടിപാര്‍ലർ ഉടമയുമാണ് പ്രവീൺ.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെയുള്ളവരും സൂപ്പര്‍ താരങ്ങളുമെല്ലാം പ്രവീണിന്റെ സേവനം തേടിയെത്തിയിട്ടുള്ളവരാണ്. വർഷങ്ങളായി കൊച്ചിയിലെ ഹെയർ സ്റ്റൈലിസ്റ്റാണ് പ്രവീൺ. ഈ തൊഴിലിൽ തന്റേതായ ഒരു റെക്കോഡ് വേണമെന്ന ചിന്തയാണ് ഈ ഉദ്യമത്തിലേക്ക് പ്രവീണിനെ നയിച്ചത്.