ഇന്ന് ലോക എയ്ഡ്‌സ് ദിനം…

0

ഇന്ന് ലോക എയ്ഡ്സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും എച്ച് ഐ വി ബാധിതരെ അകറ്റിനിർത്താതെ അവർക്ക് കരുത്തും തണലുമേകി എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നാം നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര പ്രയത്നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍.

എച്ച് ഐ വി ബാധിതരെ അകറ്റി നിർത്തരുതെന്നും അവരെ കരുതലോടെ ചേർത്തുപിടിക്കണമെന്നുമാണ് ഈ ദിനം നമുക്ക് തരുന്ന സന്ദേശം. ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായി ഇത്തവണ ലോക എയിഡ്സ് ദിനം നമ്മുക്ക് മുന്നിലെത്തിയിരിക്കുന്നത്. എയിഡ്‌സിനെ പ്രതിരോധിക്കാൻ 61 പ്രോജക്ടുകൾ നടപ്പാക്കിവരുന്ന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 2030 ഓടെ പുതിയ രോഗികൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന ആത്മവിശ്വാസത്തിലാണ്. 2024 ആകുമ്പോഴേക്കും 80ശതമാനം രോഗബാധയും തടയാനാകുമെന്നാണ് വിലയിരുത്തൽ.

കൊവിഡ് 19 മൂലം പ്രതിസന്ധി നേരിട്ട എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും ശരിയായ പാതയില്‍ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്‍യിമ പറയുന്നു. ആഗോള പ്രതിസന്ധികള്‍ക്ക് ആഗോള ഒത്തൊരുമയാണ് ആവശ്യമെന്നും ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനാചരണ സന്ദേശത്തില്‍ വിന്നി പറഞ്ഞു.

2019 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,80,00000 പേര്‍ എച്ച് ഐ വി ബാധിതരാണ്. ഇതില്‍ 3,60,00000 പേര്‍ പ്രായപൂര്‍ത്തിയായവരാണ്. 18 ലക്ഷം പേര്‍ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.

2019ല്‍ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ല്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചത്. 2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരില്‍ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം നിയന്ത്രിതമാണ്. 0.22 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ്. കൃത്യമായ ചികിത്സയിലൂടെ എച്ച്.ഐ.വിയെ നിയന്ത്രിക്കാനാകും. ഇപ്പോഴത്തെ തോത് അനുസരിച്ച് 2024 ആകുമ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം 468 എന്ന നിലയിൽ ചുരുങ്ങിയേക്കും.എയ്‌ഡ്‌സ്‌ രോഗം വരുന്ന വഴി; 70 % – സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, 20 % – മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെ,10 % – രക്തദാനം വഴിയും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും വഴിയാണ്.