ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

0

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി. വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക.

ജൂൺ മുതൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് എംവിഡി തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. അതനുസരിച്ച് വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്നസ് പരിശോധനയുടെ സമയം മുതൽ പുതിയ കളർ കോഡിലേക്കു വരണമെന്നാണ് നിയമം. പക്ഷേ, പാലിക്കപ്പെട്ടിട്ടില്ല. ഇതു നിർബന്ധമാക്കും. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന നിർദേശം പാലിക്കാത്ത സ്കൂൾ, കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം നൽകിയിരുന്നു. അനാവശ്യരൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിലുണ്ട്. എന്നാൽ, ഭൂരിഭാഗം സ്കൂൾ, കോളജ് അധികൃതരും ആർടിഒയെ യാത്രാവിവരം അറിയിക്കാറില്ല.

രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്കുള്ള സമയത്ത് യാത്ര പൂർണമായും ഒഴിവാക്കണമെന്ന മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം അനുസരിച്ച് 2007 മാർച്ച് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.