ഓർമകളുടെ കൈപിടിച്ച് മയ്യഴിയിലൂടൊരു യാത്ര

0

കാലം എത്ര കഴിയുമ്പോഴും ചില പുസ്തകങ്ങൾ പല അടയാളങ്ങളും നിലനിർത്തുന്നുണ്ട്. അത്തരത്തിലൊരു കഥയാണ് എം.മുകുന്ദന്‍റെ ‘മയ്യഴി പുഴയുടെ തീരങ്ങളിൽ’. ഈ കഥയിലൂടെ സഞ്ചരിച്ച ഏതൊരാൾക്കും മയ്യഴി എത്രകണ്ടാലും മതിവരാത്തൊരിടമാണ്. കൈയ്യേത്തി പൂക്കൾ നിറഞ്ഞ നടപ്പാതയിലൂടെ ദാസനെയും ചന്ദ്രികയുടെയും കൈപിടിച്ച് തീവണ്ടിയാപ്പീസിലേക്കും, പരന്ത്രീസുപള്ളികൂടത്തിലേക്കും, മൂപ്പൻ സായിപ്പിന്‍റെ ബംഗ്ലാവിലേക്കും, ആത്മാക്കൾ തുമ്പികളായി പറക്കുന്ന വെള്ളിയ്യാം കല്ലിലേക്കും യാത്ര ചെയ്യാൻ മയ്യഴിയിലെത്തുമ്പോൾ മനസ് കൊതിക്കും. അങ്ങനെ ഓർമകളുടെ കൂട്ടുപിടിച്ച് മയ്യഴിയിലേക്കൊരു യാത്ര പുറപ്പെട്ടു.


പുഴയോരത്തുള്ള നടപ്പാത

ഫ്രഞ്ച് സംസ്ക്കാരത്തിന്‍റെ ഏടുകൾ ഇനിയും വിട്ടുപോകാത്ത മയ്യഴി.വീതിയില്ലാത്ത തെരുവോരങ്ങളും, വഴിയിലുടനീളം നീണ്ടു കിടക്കുന്ന മദ്യഷാപ്പുകളും, സെന്‍റ്തെരേസാസ് ദേവാലയവും, മയ്യഴി ഗാന്ധിയുടെ സ്മാരകവും ഇവയൊക്കെയാണ് ഒറ്റകാഴ്ചയിൽ മാഹി(മയ്യഴി).
എന്നാൽ ഇതിനെല്ലാമപ്പുറത് മയ്യഴി പുഴ കടലിനോട് ചേരുന്ന അപൂർവ്വ സംഗമ തീരത്ത് മൂപ്പൻ സായിപ്പിന്‍റെ ബംഗ്ലാവിനപ്പുറത്ത് ദീപസ്തംഭത്തിനു ചുവട്ടിൽ ഓർമ്മകൾ അയവിറക്കി അങ്ങനെ ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്. അവിടെയിരുന്ന് കടലിലേക്ക് നോക്കുമ്പോൾ അങ്ങ് ദൂരെ ഒരു മഞ്ഞുകട്ട പോലെ വെള്ളിയ്യാം കല്ലുകാണാം. മുകുന്ദന്‍റെ ഭാവനയിലെ വെള്ളിയ്യാം കല്ലിൽ ആത്മാക്കൾ തുമ്പികളായി പറക്കുമെങ്കിലും യഥാർത്ഥത്തിൽ ഇവിടെ തുമ്പികളെയൊന്നും കാണാൻ കഴിയില്ല.കടൽ കറ്റിൽ അതിവേഗം മിന്നിമറയുന്ന കടൽ കിളികളെ കാണാം.

വെള്ളിയ്യാംകല്ല്

പോർച്ചുഗ്രീസുക്കർ കപ്പലാണെന്ന് തെറ്റിദ്ധരിച്ച പീരങ്കിയുണ്ടകൾ തൊടുത്തുവിട്ട കുഞ്ഞു ഗുഹകളും,ഫാന്‍റം പറയെന്നറിയപെടുന്ന തലയോട്ടിപാറയും, വെള്ളിയ്യാം കല്ലിലെ കാഴ്ചകളാണ്.മാഹിയിൽനിന്ന് വെള്ളിയ്യാംകല്ലിലേക്ക് 5 മണിക്കൂർ വേണം.ഈ യാത്രയെക്കുള്ള സൗകര്യവും മാഹിയിലുണ്ട്. 10 പേർക്ക് 12000 രൂപയാണ് ചാർജ്. തോണിയിൽനിന്നും പാറയിലേക്ക് ഇറങ്ങുന്നത് സാഹസം പിടിച്ച കാര്യമാണ്. എങ്കിലും ഇവിടം കാഴ്ചയുടെ മറ്റൊരു തലത്തിൽ നമ്മെകൊണ്ടെത്തിക്കുന്നു.
അവിടെനിന്നും തിരിച്ചെത്തിയ ശേഷം പുഴയോരത്തുള്ള നടപ്പാതയിൽ കുറച്ചു നേരം വിശ്രമിക്കാനിരുന്നു.


മൂപ്പൻ സായിപ്പിന്‍റെ ബംഗ്ലാവ്

അവിടെയിരുന്നാൽ അങ്ങ് ദൂരെ മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും വിളക്കുമാടവും കാണാം.അവിടെനിന്നും നേരെ ല റാസിദാസിൽ ചെന്നു.ഡച്ച് സംസ്ക്കാരത്തിന്‍റെ ഏടുകൾ ഇപ്പഴും മാഹിയിൽ അവശേഷിക്കുന്നുണ്ടെന്ന് അവിടെയുള്ള ബംഗ്ലാവുകൾ കാണുമ്പോൾ നമ്മുക്ക് മനസിലാവും.കയ്യോത്തി മരങ്ങൾ നിറഞ്ഞ വഴികളും മൂപ്പൻ സായിവിന്‍റെ ബംഗ്ലാവും ഒരൊറ്റയാനെപ്പോലെ തലയെടുപ്പോടെനിൽക്കുന്നു.അവിടെനിന്നും തിരിച്ചു നടക്കുമ്പോൾ മൂപ്പൻ സായിപ്പിന്‍റെ ബംഗ്ലാവിലെ വൈനും കേക്ക് കഷ്ണവും,കറുമ്പിയമ്മയുടെ മീൻകറിയും ചോറും …ഒരിക്കലെങ്കിലും രുചിച്ചുനോക്കിയിരുന്നെങ്കിലെന്ന് മനസ്സ് അറിയാതെ കൊതിച്ചു.

എം എസ് വേങ്ങരയുടെ കലാവിരുത്

വ്യൂ പോയിന്‍റ്


കേരളം മുഴുവൻ ബ്രിട്ടീഷ് അധീനതയിലായിരുന്നപ്പോഴും മാഹി ഫ്രഞ്ച് അധീനതയിലായിരുന്നു.കച്ചവടത്തിനായി ഫ്രഞ്ചുകാർ കണ്ടെത്തിയ തുറമുഖ നഗരമായിരുന്നു മാഹി.1721 മാർച്ചിൽ ആന്ദ്രേ മൊല്ലന്തേൻ എന്ന ഫ്രഞ്ചുകാരനാണ് മാഹിയിൽ ആദ്യം കാലുകുത്തിയ വിദേശി. 1954 ജൂലൈ 16 ന് മാഹിയിലെ ഫ്രഞ്ച് വാഴ്ച അവസാനിച്ചെങ്കിലും ഇന്നും നല്ലൊരു തുക ഫ്രഞ്ച് പെൻഷൻ വാങ്ങുന്ന 70 ത്തോളം തലമുറയും, ആംഗ്ലോ ഇന്ത്യൻസും ഈ മണ്ണുവിട്ട് പോയിട്ടില്ല. ഇപ്പഴും ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ള ഫ്രഞ്ച് മനസുമായി കഴിയുന്ന ഒരു ജനത ഇവിടെയുണ്ട്.


സെന്‍റ്തെരേസാസ് പള്ളി

തലയോട്ടിപാറ

അവിടെനിന്ന് മയ്യഴി ഗാന്ധിയുടെ പ്രതിമയും വ്യൂ പോയിന്‍റും കടന്ന് മാഹി മാതാവിന്‍റെ പള്ളിയിലേക്ക് ചെന്നു.അവിടെനിന്നും ഗാന്ധിജി ആദ്യമായി സന്ദർശിച്ച പുത്തലം ക്ഷേത്രത്തിലേക്കും, മുണ്ടൊക്ക് ക്ഷേത്രത്തിലേക്കുമായിരുന്നു യാത്ര. ഭക്തി നിർഭരമായ ഏതാനും മണിക്കൂറുകൾക്ക് ശേഷം മയ്യഴിയിലൂടൊരു ബോട്ടിംഗ് നടത്തി.ബോട്ടിലൂടെ നീങ്ങുമ്പോൾ പുഴയുടെ അടിത്തട്ടിൽ ചന്ദ്രികയുടെ വളപൊട്ടുകളുണ്ടോയെന്ന് മനസ്സറിയാത്ത ചികഞ്ഞു.
ഓരോ യാത്രകളും നാളത്തെ ഓർമ്മകളാണ്…അങ്ങനെ ഓർമ്മകളുടെ കൂട്ടുപിടിച്ച് മാഹിയിൽനിന്നും തിരിച്ച നടക്കുമ്പോൾ കറുമ്പിയമ്മയും, സായിവും, ദാസനും, ചന്ദ്രികയുമെല്ലാം തിരിച്ചുവിളിക്കുമ്പോലെ തോന്നി…എനിക്ക്.അങ്ങ് ദൂരെ വെള്ളിയങ്കല്ലിൽ അവർ പാറിപറക്കുന്നുണ്ടാകാം മയ്യഴിയുടെ മടിത്തട്ടിലെത്തുന്നവരെ സ്വീകരിക്കാൻ.