കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നടി മരിച്ചു, നടുക്കത്തോടെ സുഹൃത്തുക്കള്‍

0

ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.

‘സാരാഭായ് വെഴ്‍സസ് സാരാഭാ’യില്‍ അഭിനയിച്ച താരം രുപാലി ഗാംഗുലിയും വൈഭവി ഉപാധ്യായയുടെ അകാലി വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇത് ശരിയല്ല, വളരെ നേരത്തേ പോയി എന്നായിരുന്നു രുപാലി ഗാംഗുലി വൈഭവി ഉപാധ്യായയെ ഓര്‍ത്ത് എഴുതിയത്. വിശ്വസിക്കാനാകുന്നില്ല എന്നും രുപാലി എഴുതി. ഹിമാചലില്‍ നിന്ന് കൊണ്ടുവരുന്ന വൈഭവിയുടെ മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‍ക്കരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയില്‍ ‘ജാസ്‍മിനാ’യിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും. ‘സിഐഡി’, ‘അദാലത്ത്’ എന്നീ ടിവി ഷോകളിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്. ‘പ്ലീസ് ഫൈൻഡ് അറ്റാച്ച്‍ഡ്’ എന്ന സീരീസിലും വൈഭവി ഉപാധ്യായ വേഷമിട്ടിരുന്നു. ദീപിക പദുക്കോണിന്റെ ‘ഛപക്’ എന്ന ചിത്രത്തിലും ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്.