കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

0

കുവൈത്ത് സിറ്റി: കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.

കൊവിഡ് ബാധിച്ച് രാജേഷ് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുവൈത്ത് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍.

വലപ്പാട് സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. കുവൈത്ത് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഷാഹിദ, മക്കളായ മുഹമ്മദ്, അഫ്‌സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.