യുഎഇയില്‍ 1025 തടവുകാര്‍ക്ക് മോചനം അനുവദിച്ച് പ്രസിഡന്റിന്റെ ഉത്തരവ്

0

അബുദാബി: യുഎഇയിലെ 1025 തടവുകാര്‍ക്ക് മോചനം അനുവദിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ഉത്തരവ്. റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ കഴിയുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വിശേഷ ദിവസങ്ങളോടനുബന്ധിച്ച് യുഎഇ ഭരണകര്‍ത്താക്കള്‍ തടവുകാര്‍ക്ക് മോചനം അനുവദിക്കാറുണ്ട്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരെ ജയില്‍വാസ കാലത്തെ അവരുടെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് അധികൃതര്‍ ഇതിനായുള്ള പട്ടിക തയ്യാറാക്കുന്നത്. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരു പുനര്‍വിചിന്തനത്തിന് അവസരം നല്‍കുകയും അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍‍ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ മാപ്പ് നല്‍കി വിട്ടയക്കന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിജയികരമായ സാമൂഹിക ജീവിതം നയിക്കാന്‍ അത് അവരെ പ്രാപ്‍തമാക്കിയേക്കുമെന്ന പ്രതീക്ഷയയും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ചൊവ്വാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ചയായിരിക്കും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം ആരംഭിക്കുന്നത്. ഒമാനില്‍ ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ മറ്റ് രാജ്യങ്ങളോടൊപ്പം വ്യാഴാഴ്ച തന്നെ റമദാന് തുടക്കമാവും. മാസപ്പിറവി കണ്ടില്ലെങ്കില്‍ ഒമാനില്‍ വെള്ളിയാഴ്ച ആയിരിക്കും വ്രതാരംഭം.