യുഎപിഎ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

പൊലീസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാവാദം. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ കോടതിയില്‍ എതിർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണവും ഊർജിതമാക്കി. ഇയാൾ കോഴിക്കോട്ടുകാരൻ തന്നെയെന്ന വിവരമാണ് പൊലീസ് നൽകുന്നത്. ജാമ്യഹർജിയെ ശക്തമായി എതിർക്കുന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കാത്തത് വിദ്യാർത്ഥികൾക്ക് അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന കാര്യത്തിൽ പൊലീസിൽ നിന്ന് റിപ്പോർട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇരുവരും മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.