വായുവിലൂടെയും കോവിഡ് പകരാം; മാസ്ക് കൃത്യമല്ലെങ്കിൽ അപകടം കൂടും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

0

വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന സൂക്ഷ്മ ജലകണികകൾ വായുവിൽ തങ്ങി നിൽക്കുകയും അൽപ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം. എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. അടഞ്ഞ സ്ഥലങ്ങളിൽ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകൾ കൂട്ടം കൂടുക എന്നിവയും വായുമാർഗം രോഗം പടരുന്നതിൽ വളരെ പ്രധാന കാരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. കൊവിഡ് വ്യാപനം ഉയരുന്നതിനാൽ നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടക്കും. തിങ്കളാഴ്ച മുതലേ ഇവ പിന്നീട് തുറന്നുപ്രവർത്തിക്കൂ. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്ചത്തെ യോഗത്തിൽ തീരുമാനിക്കും.

ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.