പ്രവാസികൾക്കായുള്ള ആധാർ കാർഡുകൾ; 3 മാസത്തിനകം നിലവിൽ വരുമെന്ന് യുഐഡിഎഐ

0

ദുബായ് ∙ പ്രവാസി ഇന്ത്യക്കാർക്ക് ആധാർ കാർഡുകൾ നൽകാനുള്ള സംവിധാനം 3 മാസത്തിനുള്ളിൽ സജ്ജമാകുമെന്നു ദിയുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.ആധാർ നിയമം അനുസരിച്ച് ഇന്ത്യക്കാർക്കു മാത്രമേ ആധാർ നൽകൂ എന്ന നിബന്ധനയിൽ മാറ്റം വരുത്തി ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാ പ്രവാസികൾക്കും ആധാർ കിട്ടാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായാണ് യുഐഡിഎഐ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തും. കേന്ദ്ര ബജറ്റിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ എവിടെ താമസിക്കുന്ന പൗരന്മാരായാലും അവർക്ക് ആധാറിനു തുല്യമായി ഐഡന്റിഫിക്കേഷൻ കാർഡു ലഭിക്കുന്നുണ്ട്.

ഒരു സാമ്പത്തിക വർഷം 182 ദിവസം നാട്ടിൽ നിന്നാൽ മാത്രമേ ഇന്ത്യയിൽ താമസിക്കുന്ന ആളായി പരിഗണിക്കൂ.മൂന്നു മാസത്തിനുള്ളിൽ സാങ്കേതിക സംവിധാനങ്ങൾ തയ്യാറാകുമെന്നു യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ആധാർ കൈപ്പറ്റാൻ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അതിനുള്ള കാലതാമസം മാത്രമേ പദ്ധതി നടത്തിപ്പിന് ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആധാർ ഇല്ലാതെ വിവിധ ഇടപാടുകൾക്ക് വിഷമിച്ച പ്രവാസികൾക്ക് ഇതൊരു ആശ്വാസമാണെന്നും 5 വർഷമായി നിരന്തരം ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നെന്നും അതിന്റെ ഫലമായി കഴിഞ്ഞ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് വ്യക്തമാക്കി.

300 കോടിയിലധികം രൂപ ചെലവിൽ രാജ്യത്തെ 54 പട്ടണങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രം പോലെ തന്നെ ആധാർ സേവാ കേന്ദ്രങ്ങൾ തുറക്കാനാണ്യുഐഡിഎഐയുടെ അടുത്ത ശ്രമം. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യവും യുഐഡിഎഐ ഒരുക്കുന്നുണ്ട്. പുതിയ ആധാർ സേവാ കേന്ദ്രങ്ങളിലെ സംവിധാനങ്ങളിൽ ആളുകൾക്ക് ആധാർ കൈപ്പറ്റാൻ സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുക്കാനും സാധിക്കും.