മികച്ച ഫോട്ടോ ജേർണലിസം അവാർഡ് യുക്രൈൻ ഫോട്ടോഗ്രാഫർക്ക്

0

യുക്രൈൻ ഫോട്ടോ ജേണലിസ്റ്റ് എവ്ജെനി മലോലെറ്റ്കയ്ക്ക്(Evgeniy Maloletka) വിസ ഡി ഓർ(Visa d’Or) പുരസ്ക്കാരം. റഷ്യൻ ആക്രമണത്തിൽ തകർന്ന മാരിയുപോളിലെ നേർക്കാഴ്ചകൾ ക്യാമറ കണ്ണിലൂടെ ലോകത്തിനെ അറിയിച്ചതിനാണ് അവാർഡ്. ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് വിസ ഡി ഓർ(Visa d’Or) പുരസ്ക്കാരം.

തെക്കൻ ഫ്രഞ്ച് നഗരമായ പെർപിഗ്നാനിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ, തൻ്റെ പുരസ്ക്കാരം യുക്രൈൻ ജനതയ്ക്ക് സമർപ്പിക്കുകയാണെന്ന് മലോലെറ്റ്ക പറഞ്ഞു. അസോസിയേറ്റഡ് പ്രസ് ഏജൻസിയിൽ ജോലി ചെയ്യുന്ന 35 കാരനായ മലോലെറ്റ്ക, ആദ്യ റഷ്യൻ ബോംബ് വീഴുന്നതിന് ഒരു മണിക്കൂർ മുമ്പ് മരിയുപോളിൽ പ്രവേശിച്ച ആദ്യത്തെ പത്രപ്രവർത്തകരിൽ ഒരാളാണ്.

റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണമായി തകർന്ന നഗരത്തിൽ നിന്നും അവസാനമായി വിടപറഞ്ഞതും അദ്ദേഹമാണ്. “നീണ്ട, അവസാനിക്കാത്ത ഒരു ദിവസം പോലെ ആയിരുന്നു അന്ന്, ദിനംപ്രതി സാഹചര്യം വഷളാകുകയും മോശമാവുകയും ചെയ്തു” താൻ അവിടെ ചെലവഴിച്ച 20 ദിവസത്തെ കുറിച്ച് അദ്ദേഹം AFP-യോട് പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സംഘർഷത്തിന്റെ മുഴുവൻ ഭീകരതയും ഒപ്പിയെടുക്കുന്നതായിരുന്നു.

യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടികൾ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ഗർഭിണികൾ, തിടുക്കത്തിൽ കുത്തിയ പൊതു ശവക്കുഴികൾ എല്ലാം ലോകം കണ്ടത് ഈ ഫോട്ടോ ജേണലിസ്റ്റിലൂടെ. 400,000 നിവാസികളുള്ള ഈ തുറമുഖ നഗരത്തിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണം, പ്രത്യേകിച്ച് ഒരു പ്രസവ ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ ലോകം അപലപിച്ചിരുന്നു. ഓഗസ്റ്റ് 27-ന് ആരംഭിച്ച ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഫോട്ടോ ജേർണലിസത്തിൽ യുക്രൈനിലെ യുദ്ധം പ്രബലമായ വിഷയങ്ങളിലൊന്നാണ്.