പുതുമകൾക്കുമപ്പുറം അനുഭവപ്പെടുത്തലുകളാണ് ചില സിനിമകളുടെ ആസ്വാദനം. കഥയും കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമൊക്കെ മാറുമ്പോഴും ഒരു കാലത്ത് സത്യൻ അന്തിക്കാട് സിനിമകൾ തന്നിരുന്ന അത്തരം ആസ്വാദനത്തിന്റെ തുടർച്ച തന്നെയാണ് അനൂപ് സത്യനിലൂടെയും സംഭവിക്കുന്നത്. അതൊരു തെറ്റോ പോരായ്‌മയോ ആയി വിലയിരുത്തേണ്ടതില്ല.

മധ്യവയസ്സ്ക്കരുടെ പ്രണയം പല സിനിമകളിലും പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിബി മലയിലിന്റെ ‘ഇഷ്ടം’ സിനിമയിൽ നെടുമുടി വേണുവിന്റെ കൃഷ്ണൻ കുട്ടിമേനോൻ വർഷങ്ങൾക്ക് ശേഷം പഴയ കാമുകിയെ കാണുകയും പ്രണയിച്ചു പോകുകയും ചെയ്യുന്നുണ്ട്.

ലവ് 24x 7 സിനിമയിലെ ഡോക്ടർ സരയുവും ഡോക്ടർ സതീഷും വയസ്സാം കാലത്ത് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും പഴയൊരു നഷ്ട പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ്. പറഞ്ഞു പോകുമ്പോൾ ഇനിയുമുണ്ടാകാം അത്തരം കഥാപാത്രങ്ങളും പ്രണയങ്ങളുമൊക്കെ. പക്ഷേ അനൂപ് സത്യന്റെ സിനിമയിൽ മേജർ ഉണ്ണിക്കൃഷ്ണനും നീനയും തമ്മിൽ പൂർവ്വ കാല പ്രണയമോ പരിചയമോ ഒന്നും തന്നെയില്ല. എന്നിട്ടും അവർക്കിടയിൽ ഒരു മനോഹരമായ പ്രണയത്തിന് സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് അനൂപ് സത്യൻ.

തിരക്കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും അത്ര മാത്രം ഡീറ്റൈലിങ് ഉണ്ടായിരുന്നത് കൊണ്ടാകാം സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും വ്യക്തമായി അടയാളപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചു നിന്ന രണ്ടു കഥാപാത്രങ്ങൾ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും ശോഭനയുടെ നീനയും തന്നെ. ദുൽഖറും കല്യാണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളേക്കാൾ സുരേഷ് ഗോപി- ശോഭന സീനുകളാണ് ഹൃദ്യമായി മാറുന്നത്.

മുൻകോപിയും അന്തർമുഖനുമായ മേജർ ഉണ്ണികൃഷ്ണനെ അത്ര മേൽ ഭദ്രമാക്കി അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. കോപവും, പരിഭ്രമവും, നാണവും, സഭാകമ്പവും, ഒറ്റപ്പെടലിന്റെ സങ്കടവും, പറയാനറിയാത്ത പ്രണയവുമൊക്കെയായി പല തരം ഇമോഷനുകളെ പല സാഹചര്യങ്ങളിൽ ഒരൊറ്റ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു സുരേഷ് ഗോപി. മേജർ ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയുടെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമായി മാറുന്നതും അത് കൊണ്ടൊക്കെ തന്നെ. 👌👌

മൂന്നു നാലു പ്രണയങ്ങളുടെ ഓർമ്മകളും,
അതിൽ തന്നെ ഒരു പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടവും വിവാഹവും, വിവാഹ മോചനവുമൊക്കെയായി ശിഷ്ടകാലം സ്വന്തം കാലിൽ ജീവിക്കുന്ന. നീനയുടെ ജീവിതവും സംഭവ ബഹുലമാണ്. പ്രണയത്തിനോടുള്ള അവരുടെ കാഴ്ചപ്പാടുകൾക്ക് പ്രായം ഒരിക്കലും ഒരു ബാധ്യതയായി നിൽക്കുന്നില്ല. തന്റെ പ്രണയം മകൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നു എന്ന് മനസ്സിലാകുമ്പോഴും അവർ മകൾക്ക് വേണ്ടി പ്രണയം ഒഴിവാക്കുന്ന അമ്മയായി മാറുകയല്ല പകരം തന്റെ പ്രണയത്തെ മകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്.

ഒളിച്ചോടി കല്യാണം കഴിക്കുന്ന ത്രില്ലിൽ രജിസ്റ്ററിൽ ഒപ്പിടാൻ നിക്കുന്ന സമയത്ത് റാമിനെ കൈ കൊണ്ട് ഒന്ന് നുള്ളിയപ്പോൾ തന്റെ കാലിൽ ഷൂ കൊണ്ട് ചവിട്ടിയമർത്തുകയാണ് ചെയ്തത്. ആ വേദനയിലാണ് താൻ രജിസ്റ്ററിൽ ഒപ്പു വച്ചത്. അത് വരേയ്ക്കും താൻ പ്രണയിച്ച ആളല്ലാതെയായി റാം മാറിയത് വിവാഹ ശേഷമാണെന്നൊക്കെ ഓർത്തെടുത്തു പറയുന്ന നീനയെ ശോഭന എത്ര അനായാസമായാണ് അവതരിപ്പിക്കുന്നത്.

ശോഭന എന്നല്ല കുറച്ചു സീനുകളിൽ വന്നു പോകുന്ന ഉർവ്വശി പോലും സിനിമയിലെ തന്റെ റോൾ മനസ്സിൽ തൊടും വിധം അവതരിപ്പിക്കുന്നുണ്ട്. തന്റെ മകൻ തന്നെ പോലെയാണെന്നായിരുന്നു വിചാരിച്ചത്, പക്ഷേ അവൻ അവന്റെ അച്ഛനെ പോലെയാണ് അത് കൊണ്ട് മോൾ ഒരിക്കലും അവനെ വിവാഹം കഴിച്ചു തന്റെ വീട്ടിലേക്ക് വരരുത് എന്ന് നിക്കിയോട് വിതുമ്പി പറയുന്ന അമ്മ കഥാപാത്രം. നടക്കാതെ പോയ ആ കല്യാണത്തിൽ തനിക്ക് നഷ്ടപ്പെട്ടത് ഒരു വരനെ ആയിരുന്നില്ല ആ അമ്മയെയാണ് എന്ന് നിക്കി പറഞ്ഞു പോകുന്നതിലുണ്ട് ഉർവ്വശിയുടെ ഡോക്ടർ ഷേർലി എന്ന കഥാപാത്രത്തിന്റെ മുഴുവൻ സൗന്ദര്യവും.

സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും, ശോഭനയുടെ നീനയും ദുൽഖറിന്റെ ബിബീഷുമടക്കമുള്ള കഥാപാത്രങ്ങൾ അവരവരുടെ ഭൂതകാലം ഓർത്തെടുത്തു പറയുന്ന സീനുകളെല്ലാം മനസ്സിൽ തൊടും വിധം ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട് അനൂപ് സത്യൻ. ക്ലൈമാക്സ് സീനുകളിലെ സുരേഷ് ഗോപിയുടെ സ്‌പീച്ചും പ്രകടനവുമൊക്കെ സിനിമയിലെ ഏറ്റവും പ്ലസ് ആയി തന്നെ വിലയിരുത്താം.

പ്രണയം ഒരു രോഗമോ കുറ്റമോ അല്ല. മനസ്സ് തുറന്നു പ്രണയിക്കാനും , ആ പ്രണയം തുറന്നു പറയാനും നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടില്ല എവറസ്റ്റ് കയറി ഇറങ്ങാൻ. ‘വരനെ ആവശ്യമുണ്ട്’ പറഞ്ഞവസാനിപ്പിക്കുന്നിടത്തു നിന്ന് ചിലതെല്ലാം ചിന്തിക്കേണ്ട ആവശ്യവുമുണ്ട്.

പുതുമകൾ ഇല്ലെന്ന് പരാതിപ്പെടാം, പക്ഷെ കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി എന്റർടൈനർ എന്ന നിലക്കുള്ള എല്ലാ ഗ്യാരണ്ടിയുമുള്ള സിനിമയാണ് അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’. 💚