രണ്ട് ഭാര്യമാർ, ആഴ്ചയിൽ ഇരുവർക്കുമൊപ്പം 3 ദിവസം വീതം, ഞായറാഴ്ച അവധി; ഭാര്യമായുമായി കരാറുണ്ടാക്കി യുവാവ്

0

രണ്ട് ഭാര്യമാരുമായി കരാറുണ്ടാക്കി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ 28കാരനാണ് തൻ്റെ രണ്ട് ഭാര്യമാരുമായി കരാറുണ്ടാക്കിയത്. ആഴ്ചയിൽ മൂന്ന് ദിവസം വീതം ഇവർക്കൊപ്പം യുവാവ് ചെലവഴിക്കും. ഞായറാഴ്ച അവധിയാണ്. തനിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ഇയാൾക്ക് ഞായറാഴ്ച ചെലവഴിക്കാം എന്നാണ് കരാർ.

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവ് ഇരു ഭാര്യമാർക്കും പ്രത്യേകം ഫ്ലാറ്റുകൾ നൽകിയിട്ടുണ്ട്. ഇരുവരിലും ഇയാൾക്ക് മക്കളുമുണ്ട്.

2018ലാണ് ഇയാൾ ആദ്യ ഭാര്യയെ വിവാഹം ചെയ്യുന്നത്. ആ സമയത്ത് ഇയാൾക്ക് ഗുരുഗ്രാമിലെ ഒരു കമ്പനിയിലായിരുന്നു ജോലി. ദമ്പതിമാർക്ക് ഒരു ആൺകുട്ടിയും ഉണ്ടായി. രണ്ട് വർഷത്തിനു ശേഷം കൊവിഡിനെ തുടർന്ന് ഇവർ ഗ്വാളിയോറിലെ വീട്ടിലേക്ക് വന്നു. വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാൻ ആരംഭിച്ച ഇയാൾ ഏതാനും ദിവസങ്ങൾക്കു ശേഷം ഗുരുഗ്രാമിലേക്ക് മടങ്ങിപ്പോയി. കൊവിഡ് പ്രതിസന്ധികൾ അവസാനിച്ചിട്ടും ഇയാൾ തിരികെയെത്തിയില്ല. ഇതിനു പിന്നാലെയാണ് 2021ൽ ഇയാൾ സഹപ്രവർത്തകയെ വിവാഹം കഴിച്ചു എന്ന് ഭാര്യ മനസിലാക്കുന്നത്. രണ്ടാം ഭാര്യയിൽ ഇയാൾക്ക് ഒരു പെൺകുട്ടിയുണ്ട്.

തുടർന്ന് ജീവനാംശത്തിനായി ആദ്യ ഭാര്യ കേസ് നൽകി. എന്നാൽ, വാദം കേൾക്കുന്നതിനു മുൻപ് ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താനുള്ള ശ്രമം നടത്താൻ കോടതി കൗൺസിലർ ഹരീഷ് ദേവനോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാൾ ഇങ്ങനെ ഒരു കരാറിലെത്തിയത്. കരാർ ലംഘിക്കപ്പെട്ടാൽ ആദ്യ ഭാര്യക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്.