‘റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ: വി.ഡി സതീശൻ

0

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ റിയാസിനെതിരെ രം​ഗത്തെത്തിയത്.

പിണറായി സർക്കാരിന് ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ കണ്ടത് ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവുമെന്ന് വിമർശനം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിൽ റൂൾ 50 അനുവദിക്കുന്നില്ലെന്നും വി.ഡി സതീശൻ. പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തെയും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പ്രതിപക്ഷത്തെ അപമാനിക്കുന്ന മോദി മോഡൽ മാതൃകയാണ് സംസ്ഥാന നിയമസഭയിൽ സ്വീകരിക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ടാർഗറ്റ് ആക്കുന്നത് കുടുംബ അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാ​ഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം.

നിയമസഭാ നടപടികളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണധികാരം.

മനപ്പൂർവം പ്രകോപിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ചെങ്കോട്ടുകോണത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ നിസാരമായ കാരണങ്ങൾ പറഞ്ഞ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണനെ ആക്രമിക്കാൻ തുടക്കമിട്ടത് ഡെപ്യൂട്ടി ചീഫ് മാർഷലാണ്. വാച്ച് വാർഡ് മാരെ വിട്ട് എംഎൽഎമാരെ ക്രൂരമായി മർദ്ദിക്കുന്നു. സ്പീക്കർക്ക് എതിരായ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരുക്കേറ്റു. കെ.കെ രമയെ ആറു വനിതാ പൊലീസുകാർ ചേർന്ന് മർദ്ദിച്ചു. ഭരണപക്ഷത്തിന് തുടർഭരണത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ധിക്കാരമാണ്. സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭയെന്നും നിയമസഭ കൗരവസഭയോ എന്നും സതീശൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.