വിജേഷ് പിള്ള ഒളിവിൽ? സമൻസ് വാട്സാപ്പിൽ നൽകിയെന്ന് ബെംഗളൂരു പൊലീസ്

0

ബെംഗളൂരു: സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.

ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഒടിടി സീരീസിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ മാ‍ർച്ച് നാലിന് ബെംഗളുരു വൈറ്റ് ഫീൽഡിലുള്ള സുരി ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജേഷ് പിള്ള തന്നെ വിളിച്ച് വരുത്തിയെന്നാണ് സ്വപ്നയുടെ പരാതിയിൽ പറയുന്നത്. സ്വർ‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പക്കൽ ഉള്ള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും, ജയ്‌പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും, പിന്നീട് കള്ള പാസ്‍പോർട്ട് സംഘടിപ്പിച്ച് തന്നാൽ മലേഷ്യയിലേക്ക് കുട്ടികളോടൊത്ത് രാജ്യം വിടണമെന്നും വിജേഷ് പിള്ള ആവശ്യപ്പെട്ടെന്നാണ് സ്വപ്ന പരാതിയിൽ പറയുന്നത്.

ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാതെ കേസിൽ മുന്നോട്ട് പോയാൽ സ്വപ്നയെ കള്ളക്കേസിൽ കുടുക്കുമെന്നും വിജേഷ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വഴങ്ങിയില്ലെങ്കിൽ സ്വപ്നയെ തീർത്ത് കളയുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിട്ടുണ്ടെന്ന് വിജേഷ് പറഞ്ഞതായും പരാതിയിലുണ്ട്. ആദ്യം നോൺ കൊഗ്നിസബിൾ റിപ്പോർട്ട് ഫയൽ ചെയ്ത പൊലീസ് പിന്നീട് വിശദമായ മൊഴിയെടുപ്പിന് ശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.