9 മാസങ്ങള്‍ക്ക് ശേഷം, ഹർദീപ് സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയൻ മാധ്യമം

0

ഡല്‍ഹി: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയൻ മാധ്യമമായ സിബിഎസ്. 9 മാസങ്ങള്‍ക്ക് ശേഷമാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. നജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. 

ഖാലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാൽ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.

കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഹർദീപ് സിംഗ് നിജ്ജാർ 1997 ൽ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങൾ പറയുന്നു.