14 കാരിയുടെ ബാറ്റിംഗ് വിഡിയോ പങ്കുവച്ച് സച്ചിൻ

0

അതുഗ്രൻ ഷോട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള ഒരു പെൺകുട്ടി. ജില്ലയിലെ ഒരു കർഷന്റെ മകളായ മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 14കാരി.

‘‘ഇന്നലെയാണ് ലേലം നടന്നത്… ഇന്ന് ബാറ്റിംഗും തുടങ്ങിയോ? നന്നായി…നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു”- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഇതേ ക്ലിപ്പ് ട്വിറ്ററിൽ പങ്കുവച്ചു. “അവിശ്വസനീയമായ ഷോട്ടുകൾ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ! ഭാവി ചാമ്പ്യൻ! ബ്രാവോ..”, അദ്ദേഹം കുറിച്ചു.

“സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നു. യാദവിനെ പോലെ എനിക്ക് ലോങ്ങ് ഷോട്ടുകൾ കളിക്കണം. ദിവസവും നാല് മണിക്കൂർ കളിക്കുമായിരുന്നു. അടുത്തിടെ ഞാൻ റൂറൽ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ കളിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ എന്റെ ടീം തോറ്റു”-മൂമൽ മെഹർ പറഞ്ഞു.