ബി.ജെ.പി. കോൺഗ്രസ്സിൻ്റെ വഴിയിൽത്തന്നെയോ?

0

ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി കൂടി രാജിവെച്ചിരിക്കുന്നു. അതും നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ആറ് മാസത്തിനുള്ളിൽ രാജിവെക്കുന്ന നാലാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് രൂപാണി. മുൻപ് കർണ്ണാടകയിലും യു.പി.യിലും അസമിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഫലമായി മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നിരുന്നു. മുൻപ് ഈ പ്രവണത കോൺഗ്രസ്സിലെ രാഷ്ട്രീയ പ്രതിഭാസമായിരുന്നു. സംസ്ഥാനങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഹൈക്കമാൻ്റ് ഇടപെട്ട് മുഖ്യമന്ത്രിമാരെ മാറ്റി നടത്തിയുള്ള രാഷ്ടീയ പരീക്ഷണം കോൺഗ്രസ്സിൽ പതിവ് സംഭവ വികാസമായിരുന്നു. അതിൻ്റെ ദൂരവ്യാപകമായ ഫലമാണ് കോൺഗ്രസ്സ് ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ അതേ പാതയിൽ തന്നെയാണ് കെട്ടുറപ്പും ശക്തമായ നേതൃത്വവുമുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും എത്തിയിട്ടുള്ളതെന്നാണ് വർത്തമാന സംഭവ വികാസങ്ങൾ വെളിപ്പെടുത്തുന്നത്. അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾ രുചിച്ചറിഞ്ഞ രാഷ്ട്രീയ നാവുകളെ തൃപ്തരാക്കാൻ കേഡർ സ്വഭാവമുള്ള രാഷ്ടീയകക്ഷിക്കും നേതൃത്വത്തിനും കഴിയുന്നില്ലെന്നത് രാഷ്ടീയ ദുരന്തമായിത്തന്നെ പരിഗണിക്കേണ്ടി വരും.

വരും തലമുറയ്ക്ക് മാതൃകയാവേണ്ടവർ അധികാരത്തിന് വേണ്ടി കലഹിച്ചും തർക്കിച്ചും കൊണ്ട് രാഷ്ടീയത്തിനെ മലീമസമാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. ജനാധിപത്യം രാഷ്ടീയ കക്ഷികളിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്ന ലളിതമായ രാഷ്ടീയ മര്യാദ അത് മാത്രമാണ്. ദുരന്തങ്ങളും പ്രഹസനങ്ങളും മാത്രമായിത്തീരുകയാണോ ഇന്ത്യൻ രാഷ്ട്രീയം.