ഗുണ്ടകൾ വിളയാടുന്ന മലയാള നാട്

0

നാം ഈ കേരളത്തെ എങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്?
മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്നൊരു നാട് , കേര കേദാര ഭൂമി. സസ്യ ശ്യാമളമായ ഹരിത കേരളം’ ഈ വിശേഷണം കൊണ്ടൊന്നും തൃപ്തിപ്പെടാതെ ഒന്നുകൂടി ആലങ്കാരികമായി നാം തന്നെ നമ്മുടെ നാടിന് “ദൈവത്തിൻ്റെ സ്വന്തം നാട് ” എന്ന പദവി നൽകി ആദരിച്ചു വരുന്നു.

എന്നാൽ ഇപ്പോൾ അനുദിനം നമ്മുടെ ഈ കേരളത്തിൻ്റെ നാനാഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഒട്ടും ആശാവഹമല്ല. കൊലപാതകങ്ങളും ആക്രമണങ്ങളും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. സ്വന്തം വീട്ടിനകത്ത് തന്നെ ആക്രമണകാരികൾ രൂപപ്പെടുന്നു.’കുടുംബ ഹത്യകൾ, പിതൃഹത്യകൾ, ഭ്രാതൃഹത്യകൾ, അയൽപക്ക ഹത്യകൾ എല്ലാ രൂപത്തിലും ഭാവത്തിലുള്ള കൊലപാതകങ്ങൾ.

ആർക്കും ആരെയും പേടിയില്ല’ നാട്ടിൽ ക്രമസമാധാനം പാലിക്കേണ്ട ഉത്തരവാദിത്തമുള്ള പോലീസ് പോലും ആക്രമകാരികളാകുന്ന നല്ലതല്ലാത്ത കാഴ്ചയും നമുക്ക് അന്യമല്ല. ഗുണ്ടാ സംഘങ്ങൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും പോലീസിനെയോ നിയമ വാഴ്ചയേയും ഒട്ടും ഭയമില്ലാത്ത വർത്തമാന അവസ്ഥ. എന്ത് സംഭവിച്ചാലും ഞാനൊന്നുമറിഞ്ഞീല രാമ നാരായണ എന്ന നിസ്സംഗഭാവം തുടരുന്ന സംസ്ഥാന സർക്കാർ. എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും ദൈവത്തിൻ്റെ സ്വന്തം നാടെന്ന്? ഇപ്പോൾ ഏറ്റവും അനുയോജ്യം ” ഗുണ്ടകൾ വിളയാടുന്ന നാട്” എന്ന് വിളിക്കുന്നത് തന്നെയാണ്.