ദൃശ്യ കൊലക്കേസ്‌ പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

0

മലപ്പുറം∙ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണു സംഭവം. പോലീസ് പിടിയിലായ അന്നുമുതല്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു. അന്നുമുതല്‍ ഇയാള്‍ക്ക് പ്രത്യേക കാവലാണ് നല്‍കിയിരുന്നത്. എന്നാല്‍ ജയിലിലെത്തിയ ഇയാള്‍ കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളില്‍ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ കടയ്ക്കു തീവച്ചു ശ്രദ്ധമാറ്റിയതിനു ശേഷമായിരുന്നു ആക്രമണം.