താളം തെറ്റുന്ന കോവിഡ് പ്രതിരോധം

0

കേരളം കോവിഡ് രോഗികളുടെ കേന്ദ്രമായി മാറിത്തീരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ കേരളം . കൊറോണയുടെ ആദ്യ തരംഗത്തിൽ ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെങ്കിലും ഫലപ്രദമായ ഇടപെടലിലുടെ രോഗവ്യാപനത്തെ തടയാൻ നമുക്ക് കഴിഞ്ഞിരുന്നു. രോഗ പ്രതിരോധത്തിൽ നമ്പർ വൺ പദവി കേരളത്തിന് തന്നെയായിരുന്നു. ലോകത്തിന് തന്നെ കോവിഡ് പ്രതിരോധത്തിൻ്റെ മാതൃകയായി നാം വാഴ്ത്തപ്പെടുകയായിരുന്നു,

എന്നാൽ രണ്ടാം തരംഗത്തോടെ കേരളത്തിൻ്റെ ചെറുത്ത് നില്പിൽ പാളിച്ചകൾ പ്രകടമാകുകയായിരുന്നു’ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധം ഊതി വീർപ്പിച്ച ബലൂണുകൾ പോലെ തകർന്ന് പോകുന്ന ദയനീയമായ സാഹചര്യമാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്. കാര്യത്തിൻ്റെ ഗൗരവം മറന്ന നാം കേവലം നിസ്സഹായരായ ഇരകളായി മാറിത്തീരുകയായിരുന്നു.

രോഗ വ്യാപനവും മരണ സംഖ്യയും അനുദിനം കുതിച്ചുയർന്നപ്പോൾ ഒരു സ്ഥിതിവിവരക്കണക്കെടുപ്പിൻ്റെ സ്ഥിതിയിലേക്ക് കാര്യങ്ങൾ പരിണമിക്കുന്ന അവസ്ഥ സംജാതമായി. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയിൽ കേരളം എത്തിച്ചേരാൻ പാടില്ല.

അത്ഭുതലോകത്തിലെത്തിയ ആലീസിൻ്റെ അവസ്ഥയിലുള്ള അമ്പരപ്പിൻ്റെ നിഷ്ക്രിയത പരിഹാരമല്ല. ജാഗ്രത എന്ന മുന്നറിയിപ്പ് മാത്രം പ്രതിരോധത്തിന് മതിയാകില്ലെന്ന തിരിച്ചറിവിൽ ഉണർന്ന് പ്രവർത്തിക്കാനുള്ള സമയം സമാഗതമായിട്ടുണ്ട്. പ്രതിരോധം ദൈവത്തിന് വിട്ടുകൊടുത്തുള്ള ഭാഗ്യപരീക്ഷണത്തിനുള്ള സമയമല്ല എന്നെങ്കിലും തിരിച്ചറിവുണ്ടാകേണ്ടതുണ്ട്.