‘ആളുണ്ടോ സഖാവേ, ജോലി ഒഴിവുണ്ട്’; കരാർ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് മേയർ,ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജോലിയുടെ പേരിലുള്ള കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജിക്ക് വേണ്ടി പ്രതിപക്ഷം. മേയറേയും എല്‍ഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പുറത്ത് വന്ന കത്ത്. കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് നിയമനത്തിനാവശ്യമായ ആളുകളുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പരസ്യമായതോടെയാണ് വിഷയം വിവാദമായത്. വിഷയത്തില്‍ മേയര്‍ തന്നെ വിശദീകരണം നല്‍കട്ടെയെന്ന് പറഞ്ഞ് ആനവൂര്‍ നാഗപ്പന്‍ ഒഴിഞ്ഞുമാറിയത് ആര്യാ രാജേന്ദ്രന് കൂടുതല്‍ തിരിച്ചടിയായി.

നഗരസഭയിലെ വിവിധ തസ്തികകളില്‍ പാര്‍ട്ടിക്കാരെ സിപിഎം തിരുകി കയറ്റുന്നുവെന്ന ആരോപണം കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ കത്ത് പുറത്തുവന്നതോടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലായി. ഇതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കരുത്ത് കൂടി. ആര്യാ രാജേന്ദ്രന്‍ മേയര്‍ ആയതിന് ശേഷം ഉണ്ടാകുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് കത്ത് വിവാദം.

ഇതിന് മുമ്പ് നഗരസഭയിലെ നികുതി വെട്ടിപ്പ്, പട്ടികജാതി ഫണ്ട് വെട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങള്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും പാര്‍ട്ടിക്കാരെ വിവിധ തസ്തികകളില്‍ തിരുകി കയറ്റുന്നുവെന്നത് കാലങ്ങളായി ഉയരുന്ന ആരോപണമാണ്. എന്നാല്‍ അതിലേക്ക് നേരിട്ട് നയിക്കുന്ന തെളിവുകള്‍ ഇതുവരെ പു പുറത്തുവന്നിരുന്നില്ല.