നടുറോഡിൽ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റിൽ ചവിട്ടി: അറസ്റ്റ്– വിഡിയോ

0

ബെംഗളൂരു∙ ആളുകൾ നോക്കി നിൽക്കേ നടുറോഡിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ വിനായക് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ് ആണു ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തത്.

കടുത്ത ദേഷ്യത്തോടെ അതിശക്തമായാണ് മഹന്തേഷ് സ്ത്രീയെ ആക്രമിക്കുന്നതെന്നാണു പുറത്തുവന്ന വിഡിയോയിൽനിന്ന് വ്യക്തമാകുന്നത്. മുഖത്തു തുടർച്ചയായി ഏറ്റ അടിയുടെ ശക്തിയിൽ പുറകോട്ടു വീണ സംഗിതയുടെ വയറ്റിൽ ഇയാൾ ചവിട്ടുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് സംഗീത പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമി വീണ്ടു വയറ്റിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതായാണു വിഡ‍ിയോയിൽ കാണുന്നത്.

സമീപത്തു നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കുകയോ സ്ത്രീയെ സഹായിക്കാൻ മുന്നോട്ടു വരികയോ ചെയ്തില്ല. ഒരു സിവിൽ കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യത്തിലാണ് മഹന്തേഷ് സംഗീതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഭിഭാഷക തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മഹന്തേഷ് ആരോപിച്ചു. ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.