മലേഷ്യയിൽ നിന്നെത്തിയ ശേഷം ചികിൽസയിലായ യുവാവ് മരിച്ചു

0

കൊച്ചി ∙ കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.പയ്യന്നൂർ സ്വദേശി ജെയ്നേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളിൽ നടത്തിയ പരിശോധനയിൽ കോവിഡ് 19(കൊറോണ വൈറസ്) ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല.

മലേഷ്യയിൽനിന്നെത്തിയ ജെയ്നേഷിന് ശ്വാസകോശത്തിന് ഗുരുതരമായ വൈറൽ ന്യുമോണിയ ബാധിച്ചതിനെത്തുടർന്നാണ് വെന്റിലേറ്ററിലാക്കിയത്. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെനിന്നു മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ജെയ്നേഷ് രണ്ടര വർഷമായി മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്നു