ഗോവയിലെ വീട്ടിൽ താമസിക്കാൻ അതിഥികളെ തേടി യുവരാജ് സിം​ഗ്; വാടക 1200 രൂപ

0

കാസാസിംഗ് എന്ന പേരിലുള്ള അവധിക്കാല വസതി വാടകയ്ക്ക് കൊടുക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഗോവയിലെ ചപ്പോര നദീ തീരത്തുള്ള വസതിയിൽ 1200 രൂപയ്ക്ക് വാടകയ്ക്ക് താമസിക്കാമെന്നാണ് ക്രിക്കറ്റ് താരം അറിയിച്ചിരിക്കുന്നത്.

ആറുപേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാൻ 1200 രൂപയാണ്. ആർക്കുവേണമെങ്കിലും ഓൺലൈൻ റെന്റൽ സൈറ്റിലൂടെ വീട് വാടകയ്ക്കെടുക്കാം.

ഇവിടെയത്തുന്നവർക്ക് ഉയോഗിക്കാൻ വീട്ടുമുറ്റത്ത് നീന്തൽകുളം സജ്ജമാക്കിയിട്ടുണ്ട്. നീന്തൽ കുളത്തിൽ മുങ്ങി സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്നും യുവരാജ് സിംഗ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. വീട്ടിൽ നിന്നാൽ ഗോവയുടെ ഗ്രാമഭംഗി ആസ്വദിക്കാമെന്നും കടൽ കാണാൻ കഴിയുന്ന വിധത്തിൽ കുന്നിൻ മുകളിലാണ് വീട് നിർമ്മിച്ചിരിക്കുന്നതെന്നും യുവരാജ് പറയുന്നു.

നീല, വെള്ള നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവർക്ക് വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ യുവരാജിനെ കാണാൻ സാധിക്കും. അതായത് ചെക്കിൻ ചെയ്ത് വീട്ടിൽ കയറിയാൽ യുവരാജ് സിംഗ് തന്നെ നിങ്ങളെ സ്വാഗതം ചെയ്യാനെത്തുമെന്ന് അർത്ഥം.