ഹോട്ടല്‍മുറികള്‍ തുറക്കാനും സ്മാര്‍ട്ട് ഫോണ്‍

0
താക്കോല്‍കൂട്ടങ്ങള്‍ക്കും, പൂട്ടുകള്‍ക്കും വിട! ഇനി ഹോട്ടല്‍മുറികള്‍ തുറക്കാനും സ്മാര്‍ട്ട് ഫോണ്‍! സ്റ്റാര്‍വുഡ് ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സ്,  തങ്ങളുടെ അതിഥികള്‍ക്ക് ആദ്യമായി ഈ സൗകര്യമൊരുക്കി സാങ്കേതികവിദ്യയുടെ പുതിയ മേഖലകളിലേക്ക് കടന്നിരിക്കുന്നു!  ഇപ്പോള്‍  10 ALOFT, ELEMENT, W HOTELS എന്നീ ഹോട്ടലുകലിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മദ്ധ്യത്തോടെ, ഏകദേശം  140 ലധികം ഹോട്ടലുകളില്‍ പ്രസ്തുത സൗകര്യം ലഭ്യമാകുമെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.     
സ്മാര്‍ട്ട്‌ഫോണ്‍ വഴി, ഇനി തിരക്കേറിയ യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ നിരയില്‍ സമയം പാഴാക്കാതെ നേരെ തങ്ങളുടെ മുറികളിലേക്ക് പ്രവേശിക്കാം. 
 
കഴിഞ്ഞ വര്‍ഷം, മാരിയറ്റ് ഇന്റര്‍നാഷണല്‍, അതിഥികള്‍ക്ക് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മുറി ബുക്ക്‌ ആയിക്കഴിഞ്ഞാല്‍, അവര്‍ക്ക് സന്ദേശം അയക്കുകയും, ഹോട്ടലില്‍ എത്തിയാല്‍ എക്സ്പ്രസ് ക്യൂ വഴി നേരിട്ട് മുറിയുടെ താക്കോല്‍ ലഭ്യമാക്കുകയും ചെയ്യാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി അവര്‍ക്ക് സാധിച്ചു. എന്നാല്‍, മൊബൈല്‍ കീ നല്‍കുക വഴി സ്റ്റാര്‍വുഡ് ഹോട്ടല്‍സ്‌ ഈ സംരംഭത്തില്‍ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുകയാണ്. കൂടാതെ, മൊബൈല്‍ വഴി തന്നെ, ഒട്ടുമിക്ക റൂം സര്‍വിസുകളുമൊരുക്കി, അതിഥികളുടെ പ്രീതി സമ്പാദിക്കാനും ഹോട്ടലുകള്‍ തയ്യാറെടുക്കുകയാണ്.  
 
സ്മാര്‍ട്ട് ഫോണ്‍ താക്കൊലിലേക്ക് മാറുക അത്ര എളുപ്പമല്ലെന്ന് സ്റ്റാര്‍വുഡ് ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സ് അധികൃതര്‍ പ്രസ്താവനയില്‍ 
പറയുകയുണ്ടായി. ബ്ലു-ടൂത്ത് സാങ്കേതിക വിദ്യയാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ മുറികളിലും സ്മാര്‍ട്ട് ഫോണുമായി ഇന്‍റര്‍ഫേസു ചെയ്യാന്‍ പറ്റുന്ന പൂട്ടുകള്‍ അനിവാര്യമാണ്. ഭാവിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ ഈ സൌകര്യവുമായി രംഗത്തെത്തുമെന്നുറപ്പാണ്..