“അപകടകരമായ റോളര്‍കോസ്റ്റര്‍ സഞ്ചാരമാണ് സിനിമ.” ശ്രീകാന്ത്‌

0

2002-ല്‍ റോജാക്കൂട്ടം എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ കാല്‍ വച്ചപ്പോള്‍ കണ്ട അതേ ചെറുപ്പവും ചുറുചുറുക്കും തന്നെയാണ് ശ്രീകാന്തിന് ഇപ്പോഴും. കാരണം ഓഗസ്റ്റ് 19-ന് റിലീസിങ്ങിനൊരുങ്ങുന്ന നമ്പ്യാര്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നിര്‍മ്മാതാവു കൂടിയാകുകയാണ് അദ്ദേഹം. നവാഗതനായ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്തിനു പുറമേ സന്താനം, സുനൈന എന്നിവരും ഉണ്ട്. ശ്രീകാന്ത് സംസാരിക്കുന്നു:

നമ്പ്യാര്‍ പറയുന്നത്?
സിനിമകളില്‍ നന്മകള്‍ ചെയ്യുന്നത് എം ജി ആറും കൊള്ളരുതായ്മകള്‍ ചെയ്യുന്നത് നമ്പ്യാരുമാണല്ലോ. ഇത് എല്ലാ പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യവുമാണ്. എം ജി ആറിന്റെ വഴിമുടക്കിയാണ് നമ്പ്യാര്‍. ഇതു പോലെ തന്നെയാണ് ഓരോ മനുഷ്യന്റേയും മനസ്സിലെ നന്മയും തിന്മയും. ഇതു രണ്ടും ചേരുമ്പോഴല്ലേ മനുഷ്യന്‍ ആകുന്നത്. ഒരു ഭാഗത്ത് നല്ല ചിന്തകള്‍ വിടരുമ്പോള്‍ ദുഷ്ട ചിന്തകള്‍ അതിനെ നശിപ്പിക്കും. അതിനാല്‍ നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് എം ജി ആറും നമ്പ്യാരും. അതാണ് കഥാസാരവും.

ഈ ആശയം ഉണ്ടായത്?
അതിന്റെ അവകാശി ഗണേഷ് ആണ്. എല്ലാവരുടേയും ജീവിതത്തില്‍ പോരാട്ടങ്ങള്‍ ഉണ്ട്. ഒരു കഥാപാത്രത്തിന്റെ ഗുണങ്ങള്‍ അവരുടെ പേരിലൂടെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി. അതുകൊണ്ടാണ് നായകന് രാമചന്ദ്രന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. നായകനെ കുഴപ്പത്തിലാക്കാന്‍ നമ്പ്യാരായി സന്താനവും. ചിത്രത്തില്‍ നമ്പ്യാര്‍ ഒരു സാങ്കല്‍പിക കഥാപാത്രമാണ്. ഒപ്പം സസ്‌പെന്‍സും.

സന്താനത്തോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്?
ഈ കോമ്പിനേഷനില്‍ ധാരാളം രസകരമായ അനുഭവങ്ങള്‍ ഉണ്ട്. ചിത്രത്തിലുടനീളം സന്താനം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ ഞാന്‍ സന്താനത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നുണ്ട്. അതായത് എന്റെ ഉള്ളിലുള്ള നമ്പ്യാര്‍ എം ജി ആറിനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന സന്ദര്‍ഭത്തില്‍. ഈ ആശയം സന്താനത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം ഒരു ഗാനവും ചിത്രത്തില്‍ പാടിയിട്ടുണ്ട്.

ചിത്രത്തില്‍ ആര്യയും വിജയ് ആന്റണിയും അഭിനയിക്കുന്നുണ്ടെന്ന് കേട്ടു?
ചിത്രത്തില്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനു വേണ്ടി ഇട്ട സെറ്റ് കാണാനും അറിയാനും വേണ്ടിയാണ് വിജയ് ആന്റണി എത്തിയത്. അങ്ങനെ ഒരു ചെറിയ കഥാപാത്രത്തില്‍ അദ്ദേഹത്തെയും അഭിനയിപ്പിച്ചു. ചിത്രത്തില്‍ ഒരു സുഹൃത്ത് സഹായിക്കാന്‍ എത്തുന്നുണ്ട്. ആ വേഷം എന്റെ സുഹൃത്തായ ആര്യയാണ് ചെയ്തത്. ആര്യയും ഞാനും സ്‌കൂള്‍ കാലം മുതല്‍ക്കേ സഹപാഠികളാണ്. ആര്യയുടെ ജോഡിയായി പാര്‍വതി ഓമനക്കുട്ടനാണ് അഭിനയിക്കുന്നത്.

നിര്‍മ്മാതാവ് എന്ന നിലയില്‍ ചിത്രം ആരംഭിച്ചതു മുതല്‍ ഇന്നു വരെയുള്ള താങ്കളുടെ അനുഭവം?
അപകടകരമായ റോളര്‍കോസ്റ്റര്‍ സഞ്ചാരമാണ് ഇത്. കയറ്റിറക്കങ്ങള്‍, ഭയം, ത്രില്‍ എല്ലാം ഇതിലുണ്ട്. ഇക്കാലത്ത് ഒരു ചിത്രം നിര്‍മ്മിക്കാന്‍ എളുപ്പമാണ്. അത് റിലീസ് ചെയ്യുന്നതാണ് പെടാപ്പാട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എന്റെ ചിത്രത്തില്‍ ആഭാസ രംഗങ്ങള്‍ ഇല്ല, അക്രമം ഇല്ല, ചുംബന രംഗങ്ങള്‍ ഇല്ല, അശ്ലീല സംഭാഷണങ്ങള്‍ ഇല്ല, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടില്ല. എന്നിട്ടും ചിത്രത്തിന് നല്‍കിയത് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. എന്താണ് സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡം എന്ന് മനസ്സിലാകുന്നില്ല.

ഇപ്പറഞ്ഞതെല്ലാം ഉണ്ടെങ്കില്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണോ?
എന്റെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം എനിക്ക് മനസ്സിലായിട്ടില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ. ജീവിതത്തില്‍ ധാരാളം പോരാട്ടങ്ങളുണ്ട്. അതെല്ലാം പോരാടി ജയിക്കേണ്ടത് നാം തന്നെയാണെന്ന നല്ല സന്ദേശമാണ് ഞാന്‍ ചിത്രത്തിലൂടെ നല്‍കുന്നത്. നന്മയും തിന്മയുമെല്ലാം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. ഇതാണ് ചിത്രം പറയുന്നത്. ഇതിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് ചിത്രം ഒരുക്കിയവരോട് എന്താണ് സെന്‍സര്‍ബോര്‍ഡ് പറയാന്‍ ഉദ്ദേശിക്കുന്നത്?

സിനിമാ നിര്‍മ്മാണം തുടരുമോ?
തീര്‍ച്ചയായും. പുതിയവര്‍ക്കും കഴിവുറ്റവര്‍ക്കും അവസരങ്ങള്‍ നല്‍കണം. പണം ഒരു പ്രശ്‌നമല്ല. മുടക്കു മുതല്‍ തിരിച്ചുകിട്ടിയാല്‍ മതി. പ്രേക്ഷകര്‍ക്ക് നല്ല ചിത്രങ്ങള്‍ നല്‍കണം എന്നാണ് ആഗ്രഹം. അത് തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണല്ലോ. അവര്‍ നമ്പ്യാര്‍ ചിത്രത്തെ എങ്ങനെ വരവേല്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ബാക്കി കാര്യങ്ങള്‍.