സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു; സംസ്കാരം ഇന്ന്

0

കൊച്ചി∙ ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സ്വദേശമായ നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്കാരച്ചടങ്ങുകൾ. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ പത്ത് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും സ്ഥിതി ഗുരുതരമാക്കി. കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ജാതീയതയെക്കുറിച്ച് പറഞ്ഞ കരി എന്ന ഷാനവാസിന്റെ ആദ്യചിത്രം നിരൂപകര്‍ക്കിടയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ വൻ വിജയമായിരുന്നു. അട്ടപ്പാടിയില്‍ തന്‍റെ മൂന്നാമത്തെ സിനിമയ്ക്കായുളള തിരക്കഥ എ‍ഴുതുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.