സെക്രട്ടേറിയറ്റിലെ തീപിടുത്തം: വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

0

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകിയവർക്കെതിരെയാണ് നീക്കം.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ടിമറിയായിട്ടും, ആസുത്രിതമാണെന്നും ചിത്രീകരിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് സർക്കാർ നടപടിയെടുക്കുക. സെക്രട്ടേറിയറ്റിലുണ്ടായത് അട്ടിമറിയല്ലെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് തുടർച്ചയായാണ് സർക്കാർ നിയമ നടപടക്കൊരുങ്ങുന്നത്. ഇക്കാര്യത്തിന് എ.ജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രി സഭ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.

സര്‍ക്കാരിന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം അധികാരം ഉണ്ട്. അത്തരത്തിലുള്ള നടപടി സ്വീകരിക്കാം. ഇതോടൊപ്പം തന്നെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിനെ സമീപിക്കാനും കഴിയുമെന്നാണ് എ.ജിയുടെ ഉപദേശം. എ.ജിയുടെ ഉപദേശം അംഗീകരിച്ച് തീപിടിത്തത്തില്‍ ഫയല്‍ കത്തി നശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ കേസ് നല്‍കാനുമാണ് മന്ത്രിസഭാ തീരുമാനം.

ഇതോടൊപ്പം പ്രസ് കൗണ്‍സിലിനും പരാതി നല്‍കും. ഈ രണ്ട് നടപടികള്‍ക്കുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി. കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.