ഹിമാലയത്തിൽ ധ്യാനത്തിനു പോയ യുവാവ് മരിച്ചു

0

അമ്പലപ്പുഴ: ധ്യാനത്തിനു പോയ യുവാവ് ഹിമാലയത്തിൽ മരിച്ചു. അമ്പലപ്പുഴ കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവ് – സുഷമരാജീവ് ദമ്പതികളുടെ മകൻ സൂരജ് രാജീവ് (36) ആണ് മരിച്ചത്.കഴിഞ്ഞ നവംബറിൽ ഹിമാലയത്തിലെ നാരായണപർവ്വതത്തിലേക്കാണ് സൂരജ് ധ്യാനത്തിനു പോയത്. നാരായണപർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുമ്പ് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. തിങ്കളാഴ്ച ബദരീനാഥിൽ അച്ഛൻ രാജീവിന്റെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടന്നു.

കംപ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയായ സൂരജ്.കളമശ്ശേരി രാജഗിരി കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. അവിടെ നിന്നാണ് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓൺലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം പൂർണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു ഇദ്ദേഹം.

എക്‌സൈസ് വകുപ്പിൽ റിട്ട. സർക്കിൾ ഇൻസ്‌പെക്ടറും ആത്മീയപ്രവർത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ് സൂരജ്.കിരൺ രാജീവ്(കാനഡ), രോഷ്‌നി(കുവൈത്ത്‌) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങൾ.