മുൻ മിസ് ഇന്ത്യ ത്രിപുര അർബുധം ബാധിച്ച് മരിച്ചു

0

മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാൻസർ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വർഷമായി അർബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു.

റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘ റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും’- കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ മാസമാണ് റിങ്കി ചക്മ തന്റെ അസുഖ വിവരത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. കുറേ നാളുകളായി ഒറ്റയ്ക്കുള്ള പോരാട്ടത്തിലായിരുന്നുവെന്നും ആരോടും അസുഖത്തെ കുറിച്ച് പറയാൻ താത്പര്യമില്ലായിരുന്നുവെന്നും റിങ്കി കുറിച്ചു. പോരാടി വിജയിച്ച് തിരികെ എത്തുമെന്നായിരുന്നു റിങ്കിയുടെ പ്രതീക്ഷ. എന്നാൽ അസുഖത്തെ കുറിച്ച് വെളിപ്പെടുത്താൻ സമയമായെന്ന് റിങ്കി കുറിച്ചു.

റിങ്കിയുടെ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അർബുദം ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടർന്നു. ചികിത്സാ ചെലവ് മൂലം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്നും റിങ്കി അറിയിച്ചിരുന്നു.

2017 ലെ മിസ് ഇന്ത്യ മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് പർപ്പസ്’ എന്ന പട്ടമാണ് റിങ്കി ചക്മയ്ക്ക് ലഭിച്ചത്. ആ മത്സരത്തിലാണ് മാനുഷി ചില്ലറിന് മിസ് ഇന്ത്യാ പട്ടം ലഭിച്ചത്.