ആഴ്ചകളായി കൊല്ലത് കറങ്ങുന്ന ബിൻലാദന്റെ ചിത്രം പതിച്ച കാർ സോഷ്യൽ മീഡിയയിൽ പ്രചാരച്ചിട്ടും പോലീസ് തിരക്കിയില്ല; ഒടുവിൽ ഒടുവിൽ പിടിച്ചെടുത്തത് നവദമ്പതികളെ ഇറക്കിവിട്ട്

0

കൊല്ലം:അൽക്വയ്ദ തലവൻ ബിൻലാദന്റെ ചിത്രവും പേരും പതിച്ച കാർ ഇരവിപുരം പൊലീസ് പിടിച്ചെടുത്തു. ഡബ്ളിയു.ബി 6, 8451 നമ്പരിലുള്ള പശ്ചിമബംഗാൾ രജിസ്‌ട്രേഷനിലുള്ള ഹോണ്ട കാറാണ് പോലീസ് പിടിച്ചെടുത്തത്.കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീലങ്കൻ ചാവേറുകൾ കേരളത്തിലും ആക്രമണം നടത്താൻ പ്ലാനിട്ടിരിക്കുന്ന വാർത്ത പ്രചരിച്ച ഈ സാഹചര്യത്തിൽ ഒരാഗോള ഭീകരന്റെ പേരും ചിത്രവുമുള്ള കാർ ആഴ്ചകളായി നഗരത്തിൽ കറങ്ങിയിട്ടും ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടും പോലീസ് നടപടികൾ എടുക്കാതെ അനാസ്ഥ കാണിക്കുകയായിരുന്നു.

കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.തുടർന്ന് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലർ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടർന്ന് വധൂവരന്മാരുമായി പോയ കാർ അയത്തിലിൽ വച്ചാണ് ഇരവിപുരം പൊലീസ് പിടിച്ചെടുത്തത്. നവദമ്പതികളെ മറ്റൊരു കാറിൽ കയറ്റിവിട്ടു.

കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോൾ ഒരു തമാശയ്ക്ക് വേണ്ടിയാണ് ബിൻലാദന്റെ പേരും ചിത്രവും ഒട്ടിച്ചതെന്നാണ് മുഹമ്മദ് ഹനീഫ് പറഞ്ഞത്. എന്നാൽ ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചിട്ടില്ല. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബീച്ച് റോഡിലെ ഒരു കടയിൽ നിന്നാണ് കാറിൽ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയിൽ ഇടതുഭാഗത്തായാണ് ബിൻലാദന്റെ കറുത്ത കാരിക്കേച്ചർ ചിത്രം പതിച്ചത്. പിൻഭാഗത്തെ ഗ്ലാസിൽ വലതുവശത്ത് ബിൻലാദൻ എന്ന് ഇംഗ്ലീഷിൽ പേരെഴുതുകയും ചെയ്തു.

പശ്ചിമബംഗാൾ സ്വദേശിയായ പ്രവീൺ അഗർവാളിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷൻ ഇപ്പോഴും. ഒരുവർഷംമുമ്പാണ് ബാംഗ്ലൂർ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റാൻ അപേക്ഷനൽകിയിട്ടില്ല. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്‌ട്രേഷൻ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.