മലേഷ്യ , സിംഗപ്പൂര്‍ മലയാളികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് എയര്‍ഏഷ്യ കോഴിക്കോട് – മലേഷ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

0

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.5900 രൂപയ്ക്ക് മലബാറില്‍ നിന്ന് മലേഷ്യയിക്കും തുടര്‍ന്ന് സിംഗപ്പൂര്‍ , തായ് ലാന്‍ഡ് , ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ ഇനിമുതല്‍ യാത്ര സാധ്യമാകും . ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടാകും. എയര്‍ഏഷ്യ  വിമാനം വരുന്നതോടെ മലേഷ്യ , സിംഗപ്പൂര്‍ മേഘലയിലെ പ്രവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ് .മറ്റു രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ ബുക്കിങ്ങുകള്‍ എയര്‍ഏഷ്യ വരും ദിവസങ്ങളില്‍ ആരംഭിക്കും . തിരുവനന്തപുരം-ക്വലാലംപുർ റൂട്ടില്‍ എയർഏഷ്യ കഴിഞ്ഞ ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായി 180 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് വിമാനങ്ങളാണ് ആഴ്ചയിൽ നാല് സർവീസുകളിലായി മലേഷ്യയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറക്കുന്നത്. മലേഷ്യ എയര്‍ലൈന്‍സും മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കുള്ള സവീസുകള്‍ ആരംഭിച്ചു .

 ഈ വര്‍ഷം അവസാനം ആകുമ്പോഴേക്കും കൊച്ചിയില്‍ നിന്ന് മാത്രം എയര്‍ ഏഷ്യ , ബാതിക് എയര്‍ , മലേഷ്യ എയര്‍ലൈന്‍സ്‌ ചേര്‍ന്ന് ദിവസവും നാല് സര്‍വീസ് വീതം നടത്തും .ഇതോടെ കേരളത്തില്‍ നിന്നും മലേഷ്യയിലേക്ക് ചില ദിവസങ്ങളില്‍ ആറോളം സര്‍വീസുകള്‍ ഉണ്ടാകും.കൊച്ചിയിൽ നിന്നും ക്വലാലംപുരിലെത്താൻ കേവലം നാല് നാലുമണിക്കൂറാണെങ്കിൽ, മലബാർ മേഖലയിൽ നിന്നും അഞ്ചു മണിക്കൂർ താണ്ടിവേണം കൊച്ചിയിലേക്കെത്താൻ. ക്വലാലംപുരിൽ നിന്നുമുള്ള വിമാന സർവീസുകൾ മിക്കതും അർദ്ധരാത്രിയിൽ വന്നിറങ്ങുന്നതിനാൽ കൊച്ചിയിൽ നിന്നും വീടെത്തുമ്പോഴേക്കും നേരം പുലരും. കോഴിക്കോട് സർവീസ് സാധ്യമാവുന്നതോടെ വടക്കൻ കേരളത്തിൽ നിന്നുള്ള, നാമമാത്രമായ അവധിക്കെത്തുന്ന മലേഷ്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. കേവലം പതിനായിരം രൂപയിൽ താഴെയാണ് കേരളത്തിൽ നിന്നും മലേഷ്യയിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്. ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്തി ഇരുവശത്തേക്കും പതിനായിരം രൂപ നൽകി യാത്ര ചെയ്യുന്നവരുമുണ്ട്. നിലവിൽ മലേഷ്യ, ഇന്ത്യക്കാർക്ക് സന്ദർശക വീസ സൗജന്യമാക്കിയതിനാൽ കുറഞ്ഞ ചിലവിൽ മലേഷ്യൻ ടൂറിസം ആസ്വദിക്കാനുമാകും

അന്താരാഷ്ട്ര വിമാനത്താവളമാണെങ്കിലും ഗൾഫ് മേഖലയിലേക്കു മാത്രമാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. ഗൾഫിനപ്പുറം കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവീസിനാണ് എയർഏഷ്യ തുടക്കം കുറിക്കുന്നത്. ഇടക്കാലത്തുകൊളംബോയിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും അധികകാലം തുടർന്നില്ല.

രണ്ടു ടെർമിനലുകളിലായി പ്രവർത്തിക്കുന്ന ക്വലാലംപുർ എയർപോർട്ടിലെ മൂന്ന് റൺവേകൾക്ക് മണിക്കൂറിൽ നൂറിലധികം ലാൻഡിങ് കപ്പാസിറ്റിയുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലേക്കും നേരിട്ട് സർവീസുകളുള്ള ലോകത്തിലെ തന്നെ തിരക്കേറിയ  എയർപോർട്ടുകളിലൊന്നാണിത്.  സിംഗപ്പൂര്‍, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും കോഴിക്കോട് നിന്നും മലേഷ്യയിലേക്കുള്ള പുതിയ വിമാന സർവീസ് ഗുണം ചെയ്യും.