ഇന്ന് ഗാന്ധി ജയന്തി

0

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികം. ലോകം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് രാജ്യം ഗാന്ധി ജയന്തി കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച മഹാത്മാവാണ്.

1869 ഒക്ടോബര്‍ രണ്ടിന് പോര്‍ബന്ദറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യുടെ രാഷ്ട്രപിതാവായത് സ്വന്തം ജീവിതവും ജീവനും നല്‍കിക്കൊണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തുമ്പോഴും സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി അദ്ദേഹം. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും രാജ്യത്തെ ശിഥിലപ്പെടുത്തുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്‌കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15ന് നാഥുറാം ഗോഡ്‌സേയും കുറ്റവാളികളെയും തൂക്കിലേറ്റി.

ഏതൊക്കെ മൂല്യങ്ങൾക്ക് വേണ്ടിയാണോ ഗാന്ധിജി നിലകൊണ്ടത് അതെല്ലാം അക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു ഗാന്ധിജയന്തി ദിനം കൂടി ആഗതമായിരിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരമായ നിലപാടും അദ്ദേഹം ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയും, സാമൂഹികനീതിയുമെല്ലാം അനുദിനം താറുമാറായിക്കൊണ്ടിരിക്കയാണ്. ഇതിനെല്ലാം ഇടയിലും ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം. ഗാന്ധിജിയുടെ ഈ വാക്കുകകള്‍ പ്രചോദനമായ ലക്ഷകണക്കിന് ഇന്ത്യക്കാരും നമുക്കിടയിലുണ്ട്. . രാജ്യമെമ്പാടും സന്നദ്ധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവുയുമായി വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നത്.