സംസ്ഥാന ബജറ്റ്; ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും; ജേണലിസ്റ്റ്‌, നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു

0

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. സാധാരണക്കാർക്ക് പ്രയോജനകരമായ നിരവധി പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ നമ്മൾ കണ്ടത്. പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.

കൊവിഡാനന്തരകാലത്തെ വെല്ലുവിളികൾ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവാസികൾ അടക്കമുള്ളവർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവൻസുകളും ക്ഷേമപെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട പദ്ധതികൾ ചുവടെ

 • പത്രപ്രവര്‍ത്തക പെൻഷൻ വര്‍ധിപ്പിച്ചു. ജേണലിസ്റ്റ്, നോണ്‍— ജേണലിസ്റ്റ് പെൻഷനില്‍ ആയിരം രൂപയുടെ വര്‍ധന.
 • ഏപ്രില്‍ മുതല്‍ 1600 രൂപ ക്ഷേമ പെൻഷൻ.
 • മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് സ്ഥാപിക്കും.
 • മീഡിയ അക്കാദമിക്ക് 5 കോടിയും കേരള മ്യൂസിയത്തിന് ഒരു കോടിയും വകയിരുത്തി.
 • അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി രൂപ. പ്രഫഷനല്‍ നാടകമേഖലയ്ക്ക് രണ്ടു കോടി.
 • സ്ത്രീ സംരക്ഷണത്തിന് 20 കോടി രൂപ. സ്ത്രീകള്‍ക്കും നേരെയുളള അതിക്രമം തടയാൻ ക്യാംപെയ്ൻ, വിവരശേഖരണം നടപ്പാക്കും.
 • അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കും. ഇതിനായി നിയമങ്ങള്‍ കര്‍ശനമാക്കും.കേരള ലോട്ടറി ഭാഗ്യക്കുറി സമ്മാനത്തുക ഉയര്‍ത്തും. ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും സമ്മാനവിഹിതം കൂട്ടും.
 • പ്രളയസെസ് ജൂലൈയില്‍ അവസാനിപ്പിക്കും.
 • വായ്പ ആപ്പുകള്‍ തടയാൻ ശക്തമായ നടപടി സ്വീകരിക്കും.
 • ഏപ്രലില്‍ ശമ്പള വര്‍ധന നടപ്പാക്കും. രണ്ടു ഗഡു പിഎഫില്‍ ലയിപ്പിക്കും. കുശിക മൂന്നു ഗഡുക്കളാക്കി നല്‍കും.
 • വീട്ടമ്മമാര്‍ക്ക് ഗൃഹജോലികള്‍ ലഘൂകരിക്കാൻ സ്മാര്‍ട് കിച്ചണ്‍ പദ്ധതി. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാൻ കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ.
 • എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട്ട്‌ സ്മാരകം നിര്‍മിക്കുന്നതിന് 5 കോടി അനുവദിച്ചു.
 • വനിത സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്ന് കോടിയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ട് കോടി രൂപയും വകയിരുത്തും.
 • റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി, കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
 • റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.
 • സില്‍വര്‍ ലൈൻ റയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്കു കടക്കും.
 • ശബരി പാത നിര്‍മാണത്തിനായി പദ്ധതി ചെലവിന്റെ പകുതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും.
 • ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കായി ഒൻപതു കോടി വകയിരുത്തി.
 • ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് രണ്ടു കോടി രൂപ.
 • മൃഗങ്ങള്‍ക്കും ആംബുലൻസ് സേവനം ലഭ്യമാക്കും. രാത്രിയിലും മൃഗരോഗ്യസേവനം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തും.
 • ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും.
 • സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു.
 • കിറ്റിന് പുറമേ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കും.
 • ആയൂര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിച്ചു, ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന്.
 • ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്, തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും.
 • തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി.
 • നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ 75 കോടി രൂപ.
 • നെല്‍കൃഷി വികസനത്തിന് 116 കോടി, പച്ചക്കറി-കിഴങ്ങ് വര്‍ഗ ഉത്പാദനം കൂട്ടാന്‍ 80 കോടി.
 • സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും.
 • ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി, കോവിഡ് കാലത്ത് അഞ്ചര കോടി കിറ്റ് വിതരണം ചെയ്തു.
 • വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ.
 • വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി,. ഒരുശതമാനം അധിക ഇളവും നല്‍കും.
 • പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി, ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപ.
 • ലൈഫ് മിഷനില്‍നിന്ന് 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും, 2080 കോടി രൂപ ചെലവ്.
 • ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികള്‍ക്കായി 600 കോടി രൂപ ചെലവിടും.
 • ദരിദ്രരുടെ വീട്ടിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം ലഭിക്കും.
 • തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ കൂട്ടി.
 • മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തി.
 • 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി.നീല, വെളള റേഷൻ കാര്‍ഡുളളവര്‍ക്ക് 15 രൂപ. 10 കിലോ അരി നല്‍കും. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി.
 • ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി രൂപവായ്പ സബ്സിഡിയായി അനുവദിക്കും
 • ആരോഗ്യവകുപ്പില്‍ 40,00 തസ്തികള്‍ പുതിയതായി സൃഷ്ടിക്കും
 • തദ്ദേശ സ്ഥാപവങ്ങള്‍ക്ക് 1000 കോടി അധികമായി നല്‍കി.
 • എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
 • തൊഴിലവസരങ്ങളില്‍ 3 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക്; 5 ലക്ഷം മറ്റുളളവര്‍ക്ക്
 • പൊതുജനാരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും.
 • റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി.
 • 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും
 • നെല്ല് സംഭരണ വില 28 രൂപയാക്കും‌.